ചങ്ങനാശേരി: എസ്.ബി കോളജിന് സമീപത്തെ വീട്ടിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
വ്യാപാരിയായിരുന്ന സാജുവും ഭാര്യ അനു സാജുവും ഒരുമിച്ചെഴുതിയ ആത്മഹത്യാക്കുറിപ്പിൽ മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. പണം നൽകാനുള്ളവരുടെ പേരുവിവരങ്ങളും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നും സഹോദരനോട് പണം നൽകി ബാധ്യത തീർക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടതായാണ് വിവരം.
കരിങ്ങട വീട്ടിൽ നിന്നാണ് സാജു, ഭാര്യ അനു സാജു, മകൻ സവിൻ സാജു എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുകയായിരുന്ന കുടുംബം കടുത്ത ബാധ്യത നേരിട്ടിരുന്നതായാണ് പ്രാഥമിക വിവരം.
അതേസമയം, മകൻ സവിൻ ഓൺലൈൻ റമ്മി കളിച്ചിരുന്നതും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാമെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. റമ്മി കളിയിലൂടെ സവിന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ, അത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ എത്രത്തോളം ബാധിച്ചുവെന്ന കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
നേരത്തെ കുടുംബത്തിന് പലചരക്കുകട ഉണ്ടായിരുന്നെങ്കിലും നിലവിൽ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തിവരികയായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ, കടബാധ്യതയുടെ ഉറവിടം, ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കോട്ടയം ചങ്ങനാശ്ശേരിയിൽ നാടിനെ നടുക്കിയ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക ബാധ്യതകളെന്ന് സൂചന : കൂടുതൽ വിവരങ്ങൾ പുറത്ത് ...
Advertisement
Advertisement
Advertisement