breaking news New

മൂന്നാം ദിവസവും നിർണായക ഘട്ടത്തിൽ ചക്കക്കൊമ്പൻ ദൗത്യം ; മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങിയെന്ന് ഉറപ്പില്ല

ഇടുക്കി /ചിന്നക്കനാൽ: കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും നിർണായക ഘട്ടത്തിൽ. ഇന്ന് വീണ്ടും മയക്കുവെടിവെച്ചെങ്കിലും ആന പൂർണമായി മയങ്ങിയോ എന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുവരെ ഉറപ്പായിട്ടില്ല. ആനയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ നിലയുറപ്പിച്ച ദൗത്യസംഘം നിരീക്ഷണം തുടരുകയാണ്.

നിലവിൽ ആനയിറങ്കൽ ഡാമിന് സമീപമാണ് ചക്കക്കൊമ്പനുള്ളത്. ആന ജലാശയത്തിലേക്ക് ഇറങ്ങുന്നത് തടയാൻ പടക്കം പൊട്ടിച്ചുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. വിക്രം, ഭരത് എന്നീ കുങ്കിയാനകളും സ്ഥലത്തെത്തുന്നതിനായി പുറപ്പെട്ടിട്ടുണ്ട്.

നവംബർ 25ന് ദൗത്യത്തിന്റെ ആദ്യ ദിവസമാണ് ചക്കക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. എന്നാൽ ആന പൂർണമായി മയങ്ങിയില്ല. തുടർന്ന് നൽകിയ ബൂസ്റ്റർ ഡോസ് കൃത്യമായി ഏൽക്കാതിരുന്നതും കനത്ത മഴയും കോടമഞ്ഞും പ്രതികൂലമായതോടെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

നവംബർ 26ന് ദൗത്യം പുനരാരംഭിച്ചെങ്കിലും മയക്കുവെടിവെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ കഴിയാത്തതിനാൽ ശ്രമം പരാജയപ്പെട്ടു.

ഇന്ന് മൂന്നാം ദിവസത്തെ ദൗത്യത്തിനിടെയാണ് ചക്കക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചത്. ഇതിനിടെ ആന ജലാശയത്തിന് സമീപത്തെ നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും ഒപ്പം പിടിയാനയും കുട്ടിയാനയും എത്തിയതും ദൗത്യസംഘത്തിന് വെല്ലുവിളിയായി.

ഏകദേശം 140 പേരടങ്ങുന്ന വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. ആന പൂർണമായി മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4