breaking news New

മയക്കുവെടി കൊണ്ടിട്ടും മയങ്ങിയില്ല ചക്കക്കൊമ്പൻ ! ദൗത്യം പാതിവഴിയിൽ നിർത്തി ; നാളെ പുലർച്ചെ വീണ്ടും പിടികൂടാൻ വനംവകുപ്പ്

ഇടുക്കി : ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഇന്നത്തെ ദൗത്യം പരാജയപ്പെട്ടു. രണ്ട് തവണ മയക്കുവെടി പ്രയോഗിച്ചിട്ടും ആനയെ മയക്കാൻ കഴിയാത്തതും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെ ഇന്നത്തെ നടപടികൾ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. നാളെ പുലർച്ചെ 4.30ന് ദൗത്യം പുനരാരംഭിക്കും.

ഉച്ചയ്ക്ക് 3.38ഓടെ ഓമനക്കുഴി ഭാഗത്തുവെച്ചാണ് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി പ്രയോഗിച്ചത്. വെടിയേറ്റതിന് പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് ഒരിടത്ത് നിലയുറപ്പിച്ചു.

അരമണിക്കൂറിനുള്ളിൽ മയങ്ങുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടർന്നെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.

തുടർന്ന് രണ്ടാമത്തെ ഡോസ് മയക്കുവെടി പ്രയോഗിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. സുരക്ഷിതമായ സാഹചര്യം ലഭിക്കാത്തതിനാൽ നേരത്തേ വെടിവെക്കാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് തടസ്സമായി.

ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി കുങ്കിയാനകളെയും നേരത്തേ സജ്ജമാക്കിയിരുന്നു. സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽനിന്ന് കുങ്കിയാനകൾ ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു.

ഇന്ന് രാത്രി മുഴുവൻ ചക്കക്കൊമ്പനെ നിരീക്ഷണത്തിൽ തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം. പുലർച്ചെ 4.30ഓടെ അനുകൂല സാഹചര്യം ലഭിച്ചാൽ വീണ്ടും മയക്കുവെടി ദൗത്യം ആരംഭിക്കും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4