breaking news New

മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്ക് കേന്ദ്രത്തിന്റെ അതീവ ജാഗ്രതാ നിർദ്ദേശം ; വിൻഡോസ് മുതൽ കോപൈലറ്റ് വരെ സുരക്ഷാ ഭീഷണി!

ന്യൂഡൽഹി: ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.

വിൻഡോസ്, മൈക്രോസോഫ്റ്റ് 365, ഓഫീസ്, അഷ്വർ ക്ലൗഡ്, കോപൈലറ്റ് തുടങ്ങി നിരവധി സേവനങ്ങളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സെർട്ട്-ഇൻ പുറത്തിറക്കിയ CIVN-2026-0571 എന്ന സുരക്ഷാ അറിയിപ്പിലാണ് വിവിധ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ സുരക്ഷാ പഴുതുകളെക്കുറിച്ച് വിശദീകരിക്കുന്നത്. ഇവ മുതലെടുത്ത് ഹാക്കർമാർക്ക് കമ്പ്യൂട്ടറുകളിൽ അനധികൃതമായി പ്രവേശിക്കാനും നിർണായക വിവരങ്ങൾ ചോർത്താനും സിസ്റ്റങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുമെന്നാണ് മുന്നറിയിപ്പ്.

മൈക്രോസോഫ്റ്റ് ആപ്പുകൾ, ക്ലാരിറ്റി, അഷ്വർ പോർട്ടൽ, അഷ്വർ മെഷീൻ ലേണിംഗ്, എഐ ഫൗണ്ട്രി, എൻട്രാ ഐഡി തുടങ്ങിയ സേവനങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നവയുടെ പട്ടികയിലുണ്ട്. വ്യക്തിഗത ഉപയോക്താക്കൾക്കും വൻകിട സ്ഥാപനങ്ങൾക്കും ഒരുപോലെ അപകടസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് സൈബർ കുറ്റവാളികൾക്ക് സേവനങ്ങൾ തടസ്സപ്പെടുത്താനും സ്പൂഫിംഗ് ആക്രമണങ്ങളിലൂടെ വിശ്വസ്തരായ ഉറവിടങ്ങളെന്ന വ്യാജേന ഉപയോക്താക്കളെ കബളിപ്പിക്കാനും സാധിക്കും.

ഇതിനിടെ, നവംബർ 12, 13 തീയതികളിലുണ്ടായ ആഗോള സാങ്കേതിക തടസ്സവും മൈക്രോസോഫ്റ്റിന് വലിയ തിരിച്ചടിയായിരുന്നു. ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ ഏകദേശം 24 മണിക്കൂറോളം തടസ്സപ്പെട്ടു. ജൂലൈയിൽ വിൻഡോസിലുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും സൈബർ ആക്രമണമല്ല സംഭവത്തിന് പിന്നിലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

സേവനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി 'കോഡ് റെഡ്' എന്ന പ്രത്യേക ദൗത്യവും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പരിഹരിക്കാനും ഇതിനായി എഐ ഏജന്റുകളുടെ സഹായം തേടാനുമാണ് കമ്പനിയുടെ ലക്ഷ്യം.

സോഫ്റ്റ്‌വെയർ ഉടൻ അപ്ഡേറ്റ് ചെയ്യണം

സുരക്ഷാ ഭീഷണി ഒഴിവാക്കാൻ വിൻഡോസ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയറുകൾ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് സെർട്ട്-ഇൻ നിർദ്ദേശിച്ചു. മൈക്രോസോഫ്റ്റിന്റെ 2026 നവംബറിലെ സെക്യൂരിറ്റി അപ്ഡേറ്റ് ഗൈഡിൽ നിർദേശിച്ചിട്ടുള്ള സുരക്ഷാ പാച്ചുകൾ എത്രയും വേഗം ഇൻസ്റ്റാൾ ചെയ്യണമെന്നും ഐടി അഡ്മിനിസ്ട്രേറ്റർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4