breaking news New

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ് ; 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട:
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

അയിരൂർ വില്ലേജ് വെള്ളിയറ പോസ്റ്റ് കടമാൻകുഴി കോളനിയിൽ കടമാൻകുഴിയിൽ വീട്ടിൽ കൃഷ്ണപണിക്കരുടെ മകൻ രാജീവ് എന്ന മുത്തുവിനാണ് (52) ശിക്ഷ ലഭിച്ചത്.

2010 നവംബർ ഒന്നിനാണ് പ്രതി തന്റെ ഭാര്യയായ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തിയത്. ആലപ്പുഴ ജില്ലയിലെ മണിമല വില്ലേജിൽ മേനോൻ വീട്ടിൽ ചന്ദ്രശേഖരമേനോന്റെ മകളാണ് സിന്ധു. സംഭവത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി, 2011 നവംബർ 30-ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയായിരുന്നു.

ഒടുവിൽ 2024 ഡിസംബർ 16-ന് അന്നത്തെ കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.

എ.എസ്.ഐ ഷിബുരാജ്, എസ്.സി.പി.ഒ ജോബിൻ ജോൺ, സി.പി.ഒ അരുൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ജാമ്യത്തിലിറങ്ങി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയനാക്കിയ പോലീസ് സംഘത്തിന്റെ ഇടപെടൽ കേസിന്റെ വിചാരണ പൂർത്തിയാകുന്നതിനും ശിക്ഷ ലഭിക്കുന്നതിനും നിർണായകമായി.

തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിൽ 2026 നവംബർ 7-ന് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (IV) ജഡ്ജ് ശ്രീ. ഡോണി തോമസ് വർഗീസ് പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ധ്യ ടി. വാസു ഹാജരായി. പ്രോസിക്യൂഷൻ എയ്ഡായി ശൈലജാദേവിയും സ്റ്റേഷൻ പ്രോസിക്യൂഷൻ എയ്ഡായി അഖിലും നടപടികളിൽ പങ്കെടുത്തു.

15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തി പിടികൂടി കോടതിയിൽ ഹാജരാക്കിയ അന്നത്തെ കോയിപ്രം സി.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് നീണ്ടുപോകുമായിരു ന്ന കേസിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4