breaking news New

സിനിമാ നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസ് : ഒളിവിലുള്ള ഡോക്ടർക്കെതിരെ കൂടുതൽ പരാതികൾ ; മുൻ ആശുപത്രികളിലും മോശം പെരുമാറ്റത്തിന് നടപടി

കൊച്ചി : നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രികളിലും സമാനമായ രീതിയിലുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. രണ്ട് വർഷം മുമ്പ് ആശുപത്രിയിലെ ഒരു ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് അധികൃതർ ഡോക്ടർക്ക് താക്കീത് നൽകിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പിന്നാലെ ഇയാളെ ആശുപത്രിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

അവസാനമായി ജോലി ചെയ്തിരുന്ന കൊച്ചിയിലെ ആശുപത്രിയിലും ഡോക്ടർക്കെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആശുപത്രി അധികൃതർ ഇയാളെ ജോലിയിൽനിന്ന് നീക്കുകയും മുൻപരാതിയുടെ വിവരങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു.

ഇതിനിടെ ഡോക്ടറുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുൻകാല പരാതികളും മറ്റ് തെളിവുകളും ശേഖരിച്ച് കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 17-ാം തീയതി പരിഗണിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കേസിൽ പ്രതിയായതിനു പിന്നാലെ ഒളിവിൽ പോയ ഡോക്ടറെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഡോക്ടർ രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതേസമയം, തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടറുടെ വാദം. പരാതി നൽകാതിരിക്കാൻ പന്ത്രണ്ടോളം പേർ ചേർന്ന് തന്നെ മർദിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാരോപിച്ച് ഇയാൾ നേരത്തെ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ സംഘം മോഷ്ടിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഡോക്ടറെ മർദിച്ചെന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, പീഡനവിവരം പുറത്തുപോകാതിരിക്കാൻ ഡോക്ടർ തങ്ങൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് നിരസിച്ചതോടെയാണ് തങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയതെന്നുമാണ് അറസ്റ്റിലായവരുടെ വാദം.

ഈ സംഭവവികാസങ്ങൾക്കു പിന്നാലെയാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. പരസ്പരവിരുദ്ധമായ ആരോപണങ്ങൾക്കിടയിൽ പഴയ പരാതികളും മൊബൈലിൽനിന്ന് ലഭിച്ചെന്ന് പൊലീസ് പറയുന്ന ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4