പത്തനംതിട്ട: കാപ്പാ കേസ് പ്രതികളുമായും കുപ്രസിദ്ധ കുറ്റവാളികളുമായും അടുത്ത ബന്ധം പുലർത്തിയ പൊലീസുകാരന് സർവീസിൽ നിന്ന് പുറത്തേക്കുള്ള വഴി. ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധവും ഗുരുതരമായ അച്ചടക്കലംഘനവും കണ്ടെത്തിയതിനെ തുടർന്ന് സിപിഒ നിഷാന്ത് പി. ചന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ഇടത് അനുകൂല പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന നിഷാന്തിനെ പുറത്താക്കി ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ. ഐപിഎസ് ഉത്തരവിറക്കി.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ക്രിമിനൽ ബന്ധങ്ങൾ പുറത്തുവന്നത്. കാപ്പാ കേസ് പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന് പുറമെ ഇവരോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 21 കേസുകളിൽ പ്രതിയായ റോഷൻ വർഗീസുമായി നിഷാന്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട റോഷനുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം കണ്ടെത്തി.
പീച്ചി പൊലീസ് സ്റ്റേഷനിലെ ഹൈവേ റോബറി കേസിലെ പ്രതിയായ കിരൺ പിർലോയുമായും നിഷാന്തിന് ബന്ധമുണ്ടായിരുന്നു.
നിഷാന്തിന്റെ സ്വകാര്യ, ഔദ്യോഗിക ഫോൺ നമ്പറുകളുടെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചതോടെയാണ് കുറ്റവാളികളുമായുള്ള ബന്ധത്തിന്റെ വ്യാപ്തി വ്യക്തമായത്. ക്രിമിനലുകളുമായി ചേർന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ഇത്തരം പ്രവർത്തനങ്ങൾ പൊലീസ് സേനയുടെ അച്ചടക്കത്തിനും പൊതുജനങ്ങൾക്കിടയിലെ വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കിയെന്നാണ് പിരിച്ചുവിടൽ ഉത്തരവിലെ വിലയിരുത്തൽ.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഷാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടിയിലേക്ക് അധികൃതർ കടന്നത്.
അതേസമയം, പിരിച്ചുവിടൽ ഉത്തരവിനെതിരെ നിഷാന്തിന് അപ്പീൽ നൽകാൻ അവസരമുണ്ട്. ഉത്തരവ് ലഭിച്ച് 60 ദിവസത്തിനകം തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് മുമ്പാകെ അപ്പീൽ സമർപ്പിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in