breaking news New

പത്തനംതിട്ട മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിലെ സ്വർണ്ണപ്പണയ തട്ടിപ്പിൽ സിപിഎമ്മിന്റെ സമരം അപഹാസ്യം ; ബാങ്കിനെ തകർക്കാൻ ഗൂഢനീക്കമെന്ന് കോൺഗ്രസ്

മല്ലപ്പള്ളി: കാർഷിക ഗ്രാമവികസന ബാങ്കിലെ സ്വർണ്ണപ്പണയ ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സമരം അപഹാസ്യമാണെന്ന് കോൺഗ്രസ് നേതാക്കൾ. ബാങ്ക് സെക്രട്ടറിയും പ്യൂണും ചേർന്ന് നടത്തിയ സ്വർണ്ണപ്പണയ തട്ടിപ്പിന്റെ പേരിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ സിപിഎം നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് മല്ലപ്പള്ളി, ഏഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എബി മേക്കരിങ്ങാട്ടും പ്രൊഫ. പി.കെ. മോഹൻരാജും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയ ഉടൻ തന്നെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതിനാലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ പൊലീസിന് സാധിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. സഹകാരികൾ ബാങ്കിൽ അർപ്പിച്ച വിശ്വാസം സംരക്ഷിച്ച് സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ നിലവിലെ ഭരണസമിതിക്ക് കഴിയുമെന്നും അവർ പറഞ്ഞു.

മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന സഹകരണ ബാങ്കിനെ തകർക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സമരമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

നിലവിലെ സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ഭരണസമിതി അംഗവുമായ സജി ചാക്കോ പ്രസിഡന്റ് ആയിരുന്ന കാലത്താണ് സ്വർണ്ണപ്പണയ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സെക്രട്ടറിയെയും പ്യൂണിനെയും നിയമിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

മല്ലപ്പള്ളി താലൂക്കിൽ വർഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുകളിലും അഴിമതികളിലും ഉൾപ്പെട്ട നേതാക്കളെയും ജീവനക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചുവരുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎം ഏരിയ സെക്രട്ടറി ജീവനക്കാരനായിരുന്ന ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഇതിന് ഉദാഹരണമാണെന്നും അവർ പറഞ്ഞു.

നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനായി ഹൈക്കോടതിയിൽ വരെ നിയമപോരാട്ടം നടക്കുന്ന ചെങ്ങരൂർ, കൊറ്റനാട്, കോട്ടാങ്ങൽ സഹകരണ ബാങ്കുകൾക്ക് മുന്നിലാണ് സിപിഎം സമരം നടത്തേണ്ടതെന്നും എബി മേക്കരിങ്ങാട്ടും പ്രൊഫ. പി.കെ. മോഹൻരാജും ആവശ്യപ്പെട്ടു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4