ആലപ്പുഴ : ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലായി കർഷകരും ജില്ലാ ഭരണകൂടവും. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല എന്നീ രണ്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ 26,000-ത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ (കള്ളിങ്) ജില്ലാ ഭരണകൂടം തീരുമാനിച്ചു. നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അമ്പലപ്പുഴയിലെ ഒരു കാട ഫാമിലും കോഴി വളർത്തൽ കേന്ദ്രത്തിലുമാണ് രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിൽ താറാവ് കുഞ്ഞുങ്ങൾക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടവിരിഞ്ഞ് മൂന്നോ നാലോ ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളിൽ പോലും രോഗബാധ കണ്ടെത്തിയത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സാധാരണയായി ദേശാടന പക്ഷികളുമായുള്ള സമ്പർക്കത്തിലൂടെയാണ് പക്ഷിപ്പനി വ്യാപിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ വളരെ ചെറിയ പ്രായത്തിലുള്ള പക്ഷികളിൽ പോലും രോഗം കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ക്രിസ്മസ് വിപണി സജീവമാകാനിരിക്കെ പക്ഷിപ്പനി വീണ്ടും റിപ്പോർട്ട് ചെയ്തത് കോഴി, താറാവ് കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആയിരക്കണക്കിന് വളർത്തുപക്ഷികളെ നഷ്ടപ്പെടുന്നതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
മുൻപ് പക്ഷിപ്പനി ബാധിച്ച് പക്ഷികളെ നഷ്ടപ്പെട്ട പല കർഷകർക്കും ഇതുവരെ അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക വിപണിയിലെ യഥാർത്ഥ വിലയേക്കാൾ വളരെ കുറവാണെന്നാണ് കർഷകരുടെ ആരോപണം.
കൃഷി ഉപേക്ഷിച്ച് കർഷകർ !
തുടർച്ചയായി ആവർത്തിക്കുന്ന പക്ഷിപ്പനി പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും കാരണം നിരവധി കർഷകർ താറാവ് കൃഷിയിൽ നിന്നും കോഴി വളർത്തലിൽ നിന്നും പിന്മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗനിയന്ത്രണ നടപടികൾക്കൊപ്പം നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
രോഗവ്യാപനം തടയാനുള്ള നടപടികൾ ശക്തമാക്കുമ്പോഴും കർഷകരുടെ നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും ! ക്രിസ്മസ് വിപണിക്ക് തിരിച്ചടി : നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ
Advertisement
Advertisement
Advertisement