തിരുവനന്തപുരം: പരസ്യ മദ്യപാനക്കേസിൽ പ്രതിയായതിനെത്തുടർന്ന് വികാരിയെ മാറ്റണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്തെത്തിയതോടെ പേട്ട സെന്റ് ആൻസ് ലത്തീൻ കത്തോലിക്കാ പള്ളിയിൽ സംഘർഷം.
പ്രതിഷേധത്തിനിടെ വികാരി ഫാദർ തിയോഡിഷ്യസ് ഡിക്രൂസിനെ പള്ളിമേടയിൽ പൂട്ടിയിട്ടു. വികാരിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പരസ്യ മദ്യപാനക്കേസിന് പുറമെ സാമ്പത്തിക ക്രമക്കേടുകളും മോശം പെരുമാറ്റവും വികാരിക്കെതിരെ വിശ്വാസികൾ ആരോപിക്കുന്നു. വികാരിയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒക്ടോബർ 15ന് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പരാതിയിൽ വികാരിക്കും മറ്റ് രണ്ടുപേർക്കുമെതിരെ പൊലീസ് കേസെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്.
ഞായറാഴ്ച രാവിലെ കുർബാനയ്ക്ക് മുമ്പ് പള്ളി പരിസരത്ത് വികാരിക്കെതിരെ പോസ്റ്ററുകൾ സ്ഥാപിച്ച പ്രതിഷേധക്കാർ പിന്നീട് പള്ളിമേട പൂട്ടുകയായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് രാവിലെ പത്ത് മണിക്കുള്ള പ്രാർഥനാ ചടങ്ങുകളിൽ വികാരി പങ്കെടുത്തില്ല.
അതേസമയം, തനിക്കെതിരായ പൊലീസ് കേസ് ആസൂത്രിത നീക്കമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വികാരി പ്രതികരിച്ചു. പള്ളിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് വികാരിയെ അനുകൂലിക്കുന്നവരുടെ ആരോപണം.
പ്രതിഷേധം ശക്തമായതോടെ സഭാനേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വികാരിയെ മാറ്റണമെന്ന ആവശ്യത്തിൽ സഭയുടെ തീരുമാനം നിർണായകമാകും.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മദ്യപാനക്കേസിൽ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ; പള്ളിമേടയിൽ പൂട്ടിയിട്ടു ! സഭാനേതൃത്വം ഇടപെട്ടു
Advertisement
Advertisement
Advertisement