തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണത്തിന് തുടക്കമിട്ട് സിബിഐ. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അഡീഷണൽ എസ്.പി. വി. ദേവരാജിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥർ ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയെ സന്ദർശിച്ചു.
2018 സെപ്റ്റംബർ 25ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌കറിന്റെ ഒന്നര വയസ്സുകാരിയായ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെയും മരണത്തിന് കീഴടങ്ങി.
എന്നാൽ ഇതൊരു സാധാരണ വാഹനാപകടമല്ലെന്നും ആസൂത്രിത കൊലപാതകം ആണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാനേജറുമായിരുന്ന പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും കേസിൽ ദുരൂഹത വർധിപ്പിച്ചിരുന്നു.
വർഷങ്ങളായി ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടവും നിലനിൽക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തുടരന്വേഷണത്തിലൂടെ മരണത്തിന് പിന്നിലെ ദുരൂഹതകൾക്ക് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷണച്ചൂടിൽ ; ഹൈക്കോടതി ഉത്തരവിന് പിന്നാലെ സിബിഐയുടെ തുടരന്വേഷണം തുടങ്ങി ; പിതാവിനെ സന്ദർശിച്ച് ഉദ്യോഗസ്ഥർ
Advertisement
Advertisement
Advertisement