കൂടുതൽ നീളവും വിശാലമായ പിൻ കാബിനും മികച്ച പ്രകടനവും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉൾപ്പെടുന്നതാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷതകൾ. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. 49.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
4,616 മില്ലീമീറ്റർ നീളവും 2,104 മില്ലീമീറ്റർ വീതിയും 1,641 മില്ലീമീറ്റർ ഉയരവും 2,800 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിനുള്ളത്. അധിക വീൽബേസ് നൽകിയതോടെ പിൻസീറ്റ് യാത്രികർക്ക് കൂടുതൽ വിശാലമായ ക്യാബിൻ അനുഭവം ലഭിക്കും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് 108 മില്ലീമീറ്റർ അധിക വീൽബേസാണ് പുതിയ പതിപ്പിനുള്ളത്. ഇതുവഴി പിൻസീറ്റിൽ 150 മില്ലീമീറ്റർ അധിക ലെഗ്‌റൂമും 109 മില്ലീമീറ്റർ അധിക ക്നീറൂമും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി പിൻസീറ്റുകൾ 28.5 ഡിഗ്രി വരെ പിന്നിലേക്ക് ചാരിവെക്കാനും സാധിക്കും. 9 ചതുരശ്ര അടി വിസ്തീർണമുള്ള പനോരമിക് സൺറൂഫും 540 ലിറ്റർ ബൂട്ട് സ്പേസും വാഹനത്തിലുണ്ട്. പിൻസീറ്റുകൾ മടക്കിയാൽ ബൂട്ട് ശേഷി 1,700 ലിറ്റർ വരെ വർധിപ്പിക്കാനാകും.
1.5 ലിറ്റർ ട്വിൻപവർ ടർബോ പെട്രോൾ എൻജിനാണ് X1 LWB-ക്ക് കരുത്തേകുന്നത്. 156 എച്ച്പി പരമാവധി പവറും 230 എൻഎം ടോർക്കും എൻജിൻ നൽകും. സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. ലിറ്ററിന് 15.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബിഎംഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം 9, വൈഡ്‌സ്‌ക്രീൻ കർവ്ഡ് ഡിസ്‌പ്ലേ, ബിഎംഡബ്ല്യു ഡിജിറ്റൽ കീ പ്ലസ്, കംഫർട്ട് ആക്‌സസ് 2.0 എന്നിവയാണ് പ്രധാന ഡിജിറ്റൽ സവിശേഷതകൾ. 12 സ്പീക്കറുകളുള്ള ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, പാർക്കിങ് അസിസ്റ്റന്റ് പ്ലസ്, 360 ഡിഗ്രി സറൗണ്ട് വ്യൂ, റിവേഴ്‌സിങ് അസിസ്റ്റന്റ് എന്നിവയും വാഹനത്തിലുണ്ട്.
സുരക്ഷയ്ക്കായി ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ബ്രേക്കിങ് ഫങ്ഷനോടുകൂടിയ ക്രൂസ് കൺട്രോൾ തുടങ്ങിയ ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും എട്ട് എയർബാഗുകളും നൽകിയിട്ടുണ്ട്.
നൈറ്റ് ഡസ്ക് ബ്ലൂ, സ്കൈസ്‌ക്രാപ്പർ ഗ്രേ, കാർബൺ ബ്ലാക്ക്, മിനറൽ വൈറ്റ് എന്നീ നാല് നിറങ്ങളിലാണ് പുതിയ BMW X1 LWB ലഭ്യമാകുക.