breaking news New

താര സംഘടനയായ അമ്മയുടെ താക്കോല്‍ സ്ഥാനത്തേക്ക് ഇടവേള ബാബു വീണ്ടും മത്സരിച്ചേക്കും : ബാബു രാജും പോരാട്ടത്തിന് തയ്യാര്‍ : ആവേശം ചോര്‍ന്ന് 'അമ്മ' തെരഞ്ഞെടുപ്പ്

ദീര്‍ഘ കാലം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു കഴിഞ്ഞ തവണ മത്സരിച്ചില്ല. ഇത്തവണ മത്സരിക്കുമെന്നാണ് സൂചന. മുന്‍നിര താരങ്ങള്‍ പിന്‍വലിഞ്ഞുനില്‍ക്കുന്നതിനാല്‍ 'അമ്മ' തെരഞ്ഞെടുപ്പില്‍ പ്രതിസന്ധി ഏറെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. ഇതാണ് സങ്കീര്‍ണ്ണ സാഹചര്യമുണ്ടാക്കുന്നത്. ഇതു കൊണ്ട് കൂടിയാണ് വീണ്ടും ഇടവേള ബാബു മത്സരത്തിന് എത്തുന്നത്.

ആഗസ്ത് 15ന് നടക്കുന്ന അമ്മ ഭരണസമിതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ പ്രമുഖരൊന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും മധുവുമെല്ലാമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നവര്‍. ഇതിന് സമാന തലപ്പൊക്കമുള്ളവര്‍ ഇത്തവണ വരില്ലെന്നാണ് സൂചന. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാക്കാലത്തും അമ്മ ഭരണസമിതിയുടെ പ്രധാനസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. അവരാരും ഇക്കുറി മത്സരരംഗത്തില്ല. സോമനും മധുവും ഇന്നസെന്റുമൊക്കെ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും വഹിച്ചിരുന്നു. അങ്ങനെ സൂപ്പര്‍താര സാന്നിധ്യം അമ്മയില്‍ നിറഞ്ഞു.

ഇന്നസെന്റിനൊപ്പം തുടര്‍ച്ചയായ നാല് ടേമില്‍ മോഹന്‍ലാലാണ് ജനറല്‍ സെക്രട്ടറിയായിരുന്നത്. ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന് ടേമിലും പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഹേമ കമ്മിറ്റി വിവാദത്തെ തുടര്‍ന്ന് രാജിവച്ച് ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും മോഹന്‍ലാലാണ്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന അഡ്ഹോക് കമ്മിറ്റിയുടെ അഭ്യര്‍ഥന നിരസിക്കുകയും ചെയ്തു. മമ്മൂട്ടിയും ഇക്കുറി ഉണ്ടാകില്ല. സുരേഷ്ഗോപി ആദ്യഘട്ടത്തില്‍ താല്‍പ്പര്യം കാണിച്ചെങ്കിലും ഇപ്പോള്‍ പിന്‍വലിഞ്ഞുനില്‍ക്കുകയാണ്. ഹേമ കമ്മിറ്റി വിവാദത്തില്‍ രാജിവച്ച സിദ്ദിഖും മത്സരിക്കാനിടയില്ല. പ്രധാനതാരങ്ങള്‍ വിട്ടുനിന്നാല്‍ സംഘടനയുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്ന അഭിപ്രായമാണ് അമ്മ അംഗങ്ങളില്‍ പലര്‍ക്കുമുള്ളത്. മന്ത്രി കെബി ഗണേഷ് കുമാർ തന്റെ ഇഷ്ടക്കാരെ ഭാരവാഹിയാക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

കുഞ്ചാക്കോ ബോബന്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ പേര് പ്രധാന സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അവരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബാബുരാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പായി. പത്രിക സമര്‍പ്പിച്ചവര്‍ പലരും ഏതുസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല. വിവിധ സ്ഥാനങ്ങളിലേക്കാണ് പലരും പത്രിക നല്‍കിയിട്ടുള്ളത്. 31 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഇതിന് ശേഷം മാത്രമേ അന്തിമ രൂപം വരൂ. ഏതായാലും ഇടവേള ബാബു മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. സൂപ്പര്‍താരങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന അവകാശ വാദവുമായാണ് ഇടവേള ബാബു മത്സര രംഗത്ത് നിറയുന്നത്.

പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്‌സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ആരെല്ലാം പത്രിക നല്‍കുമെന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. ബാബുരാജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മത്സരിക്കാനുള്ള അണിയറ നീക്കങ്ങളിലാണ്.

ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. ഇതിന് ശേഷം അമ്മയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും മോഹന്‍ലാല്‍ ഭാഗമായിട്ടില്ല. ഇനി അമ്മയുടെ നേതൃത്വത്തിലേക്കില്ലെന്ന നിലപാടിലാണ് മോഹന്‍ലാല്‍. തൊണ്ണൂറുകളില്‍ തിരുവനന്തപുരം ലോബിയും കൊച്ചി ലോബിയുമായിരുന്നു മലയാള സിനിമയെ നിയന്ത്രിച്ചത്. പിന്നീട് ദിലീപിന്റെ നേതൃത്വത്തിലേക്ക് അധികാരമെല്ലാം എത്തി. നടിയെ ആക്രമിച്ച കേസോടെ സമവാക്യങ്ങള്‍ വീണ്ടും മാറി. അപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം നിയന്ത്രിച്ചു. ഇന്നസെന്റിന്റെ സാന്നിധ്യവും പ്രശ്നങ്ങളുണ്ടാകാതെ മുമ്പോട്ട് പോകുന്ന സ്ഥിതിയുണ്ടായി. അമ്മ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടു തവണയും മത്സരിക്കാന്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റായി മോഹന്‍ലാലിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. മാറി സാഹചര്യത്തില്‍ എല്ലാ പദവിയിലേക്കും മത്സരം നടക്കും.

അതിനിടെ നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍ സംഘടനയില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. വലിയ പ്രശ്നങ്ങളില്ലാതെ അമ്മയില്‍ പുതിയ നേതൃത്വത്തെ എത്തിക്കാനാണ് നീക്കം. അമ്മയുടെ സ്ഥിരം ഭാരവാഹിയായിരുന്ന ഗണേഷിനെ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ചിലര്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. മുകേഷിനേയും ഇതേ കാരണത്താല്‍ മാറ്റി. ടെലിവിഷന്‍ താര സംഘടനായ ആത്മയില്‍ ഗണേഷിന് വ്യക്തമായ സ്വാധീനമുണ്ട്. ഇതേ മാതൃകയില്‍ അമ്മയിലും വേരുറപ്പിക്കാനുള്ള നീക്കം ഗണേഷ് നടത്തുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഇനി അമ്മയില്‍ ഒരു റോളിനുമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. ലാലിന്റെ പിന്മാറ്റത്തോടെ മലയാള സിനിമയിലെ സാങ്കേതിക പ്രമുഖരും അമ്മയില്‍ കാര്യമായ ഇടപെടലിന് ഇല്ല. ആ സംഘടനയില്‍ ഇനി എന്തു വേണമെങ്കിലും നടന്നോട്ടേ എന്നാണ് അവരുടെ നിലപാട്. ഫെഫ്ക അടക്കം താര സംഘടനയുടെ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആരു വന്നാലും കുഴപ്പമില്ലെന്ന പക്ഷത്താണ്.

തിരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകള്‍ നേതൃത്വത്തിലുണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതോടെയാണ് അഡ്‌ഹോക് കമ്മിറ്റി 3 മാസം കൂടി തുടരാനും അതിനു ശേഷം തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്. താന്‍ പ്രസിഡന്റാകാന്‍ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹന്‍ലാല്‍ നിലപാടെടുത്തു. അംഗങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയ്ക്കു ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നതിനാല്‍ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും ലാല്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5