ആലപ്പുഴ : തന്റെ ജീവിത സാഹചര്യങ്ങള്‍ വിവരിച്ചു കൊണ്ടാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞത്. തീരെ ചെറുപ്പത്തിലെ അമ്മ തന്നെ ഉപേക്ഷിച്ച് പോയതും ആരും സ്‌നേഹിക്കാനില്ലാതിരുന്നതുമാണ് ഒടുവില്‍ തന്നെ കൊലപാതകിയാക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടി ജനിച്ച് അധികം കഴിയുന്നതിന് മുന്‍പ് അമ്മ ബന്ധം വേര്‍പെടുത്തി വിദേശത്ത് പോയെന്നും അവിടെ വച്ച് പരിചയപ്പെട്ട ആളെ രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
അമ്മ ഇല്ലാത്തതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും പലവട്ടം വീട്ടില്‍ നിന്ന് ഒളിച്ചോടിയെന്നും പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു. കൊല്ലം സ്വദേശിയായ അച്ഛന്റെ വീട്ടിലും അമ്മയുടെ മാതാപിതാക്കളുടെ പരവൂരിലുള്ള വീട്ടിലുമായാണ് ഏഴാം ക്ലാസുവരെ പെണ്‍കുട്ടി താമസിച്ചത്. പുനര്‍വിവാഹത്തോടെ അമ്മ താനുമായി പൂര്‍ണമായും അകന്നുവെന്നും കുട്ടി പറയുന്നു. വളരെ അടുത്തബന്ധുവില്‍ നിന്നുണ്ടായ മോശം പെരുമാറ്റവും കുട്ടിയുടെ മാനസിക നിലയെ ബാധിച്ചുവെന്നും പൊലീസ് വിലയിരുത്തുന്നു.
കൊലപാതകത്തിന് ശേഷം പിടിയിലായ പെണ്‍കുട്ടി കൂസലില്ലാതെയാണ് തുടക്കത്തില്‍ പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. മുത്തച്ഛന്‍ തന്റെ കാര്യങ്ങളില്‍ അമിതമായി ഇടപെട്ടിരുന്നുവെന്നും ഫോണ്‍ ഉപയോഗിക്കുന്നതടക്കം വിലക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. കുടുംബത്തെ കുറിച്ച് ചോദിച്ചതോടെ പൊട്ടിക്കരയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആണ്‍ സുഹൃത്തുക്കള്‍ കൂടുതലായി ഉണ്ടായതും വീട്ടില്‍ വൈകി എത്തുന്നതും മുത്തച്ഛന്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇത് വൈരാഗ്യത്തിനിടയാക്കിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തച്ഛനെ കൊല്ലാനായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ ശ്രമം. എന്നാല്‍ 2017 ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍ എന്ന തമിഴ് സിനിമ കണ്ടതോടെ തലയില്‍ കല്ലിട്ട് കൊല്ലാമെന്ന് തീരുമാനിച്ചു. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് പെണ്‍കുട്ടി ഉറപ്പാക്കി. കൊലപാതകം നടന്ന ദിവസം വീടിന്റെ ഓടിളക്കുകയും ചെയ്തു. പക്ഷേ മച്ച് കണ്ടതും ഈ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് പ്ലാന്‍ ബി നടപ്പിലാക്കിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
മാസങ്ങള്‍ക്കു മുമ്പുതന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ വിഷംനല്‍കി കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് വാഹനാപകടത്തില്‍ പെടുത്താന്‍ തീരുമാനിച്ചെങ്കിലും, അത് നടന്നില്ല. തുടര്‍ന്ന് വീട്ടില്‍ ആളില്ലാത്ത സമയംനോക്കി കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. മകള്‍ പ്രസവത്തിനായി ആശുപത്രിയില്‍ പോകുന്ന നാലുദിവസം ശിവന്‍കുട്ടി ഒറ്റയ്ക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍ കൊലപാതക ആസൂത്രണം നടത്തിയത്. ട്രെയിനിലാണ് കാമുകനും സുഹൃത്തുക്കളും കൃത്യത്തിനെത്തിയത്. ഓരോ നിമിഷവും പെണ്‍കുട്ടി ഫോണില്‍ കൂടി നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു.
കൊലപാതകത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാട്ടെത്തി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള തട്ടുകടയില്‍നിന്ന് ആഘോഷപൂര്‍വം ഭക്ഷണം കഴിച്ചു.
ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവര്‍. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയില്‍ നിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്. ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു 13 വയസ്സുകാരിയുടെ ആത്മവിശ്വാസം. അതിനാല്‍, കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ രേഖകള്‍ മായ്ക്കാന്‍ ശ്രമിച്ചില്ല. പിടിയിലായവരുമായുള്ള ഫോണ്‍ വിളികളും ചാറ്റുകളും അതുപോലെ ഫോണിലുണ്ടായിരുന്നു.
കരുവാറ്റയിലെ വീടിന്റെ ലൊക്കേഷന്‍ അയച്ചതും കുറ്റാരോപിതര്‍ കൊല്ലത്തു നിന്ന് വരുന്നവഴി നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും പോലീസിനു കിട്ടി. പെണ്‍കുട്ടി കൊലപാതകം തത്സമയം കണ്ടുവെന്ന് പോലീസിനു മനസ്സിലായതും അങ്ങനെയാണ്. കൊലപാതകശേഷം മറ്റു കാര്യങ്ങളെല്ലാം പെണ്‍കുട്ടി അപ്പപ്പോള്‍ കുറ്റാരോപിതരെ അറിയിക്കുന്നുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതും പെണ്‍കുട്ടിയോടു കാര്യങ്ങള്‍ ചോദിച്ചതും പിടിയിലായവര്‍ അറിഞ്ഞിരുന്നു. ഇതിനുശേഷമാണ് അന്വേഷണോദ്യോഗസ്ഥര്‍ പെണ്‍കുട്ടിയില്‍ നിന്നു ഫോണ്‍ വാങ്ങിയത്.
പെണ്‍കുട്ടിക്ക് ഒട്ടേറെ ആണ്‍സുഹൃത്തുക്കളുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഇവരില്‍ ചിലര്‍ക്കു മാത്രമാണ് കൊലപാതകത്തെപ്പറ്റി അറിവുണ്ടായിരുന്നത്. കുട്ടിയുമായി ബന്ധമുണ്ടായിരുന്നവരില്‍നിന്നെല്ലാം വിവരം ശേഖരിക്കാനാണ് പോലീസ് ശ്രമം. മുന്‍പ് പരവൂരില്‍ താമസിക്കുന്ന കാലത്ത് സ്‌കൂളില്‍വെച്ചാണ് പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി പരിചയത്തിലായത്. രണ്ടുവര്‍ഷംമുന്‍പാണ് കുടുംബം കരുവാറ്റയിലേക്കു മാറിയത്.
പ്രശ്‌നങ്ങള്‍ നിറഞ്ഞ കുടുംബാന്തരീക്ഷവും ചില്‍ഡ്രന്‍സ് ഹോമിലും ബന്ധുവീടുകളിലും മാറിമാറിയുള്ള താമസവും കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നു പൊലീസ് പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. പ്രതികളായ 3 ആണ്‍കുട്ടികളെ കഴിഞ്ഞ ദിവസം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. വിദേശത്തുള്ള മകള്‍ എത്തിയതിനു ശേഷമാകും സംസ്‌കാരം.
ആലപ്പുഴ കരുവാറ്റയില്‍ മുത്തച്ഛനെ കൊന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി : ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തച്ഛനെ കൊല്ലാനായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ ശ്രമം !!
Advertisement
Advertisement
Advertisement