breaking news New

യുവതിക്ക് 43 ദിവസം നീണ്ട വേദനയും ദുരിതവും! പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റിൽ പഞ്ഞി കുടുങ്ങി ; 43 ദിവസത്തിന് ശേഷം നീക്കം ചെയ്തു : ഗൈനക്കോളജിസ്റ്റിനെതിരെ പൊലീസ് കേസ്

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി കുടുങ്ങിയ സംഭവത്തിൽ ഗൈനക്കോളജിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു.

ആശുപത്രിയിലെ ഡോ. ടിറ്റോ ടോമിനെയാണ് വൈദ്യശാസ്ത്രപരമായ അശ്രദ്ധ ആരോപിച്ച് കേസിൽ പ്രതി ചേർത്തത്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ചാവക്കാട് മുനക്കക്കടവ് സ്വദേശിനി ഫാത്തിമത്തുല്‍ ഷഹ്ഫിയ നൽകിയ പരാതിയിലാണ് നടപടി. ഓഗസ്റ്റ് 18നായിരുന്നു യുവതിയുടെ പ്രസവ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് പരാതി.

പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വയറ്റിനുള്ളിൽ പഞ്ഞി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ പഞ്ഞി പുറത്തെടുത്തു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് വയറ്റിൽ കുടുങ്ങിയ പഞ്ഞി നീക്കം ചെയ്തതെന്നും യുവതി പരാതിയിൽ പറയുന്നു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്നും നഴ്‌സുമാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിഞ്ഞെന്നുമാണ് യുവതിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇപ്പോൾ പൊലീസ് കേസെടുത്തതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4