പത്തനംതിട്ട : പതിനാറുകാരിയായ രോഗിക്ക് എക്‌സ്‌റേ എടുത്തപ്പോള്‍ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിമാണ് റേഡിയോളജി വിഭാഗത്തില്‍ നിന്ന് മാറി നല്‍കിയത്.
നട്ടെല്ലിന് വളവുള്ള വയോധികയുടെ എക്‌സ്‌റേ ലഭിച്ച പെണ്‍കുട്ടിക്ക്, ഫിലിമിലെ രോഗിയുടെ പേരും വയസ്സും പോലും പരിശോധിക്കാതെ ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെടുന്നു.
ഈ മാസം 14-നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി കോന്നി മെഡിക്കല്‍ കോളജിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർ നിര്‍ദ്ദേശിച്ചതനുസരിച്ച് പെണ്‍കുട്ടി എക്‌സ്‌റേ എടുക്കാന്‍ പോവുകയായിരുന്നു. എന്നാല്‍ എക്‌സ്‌റേ എടുത്തു മടങ്ങിയ പെണ്‍കുട്ടിയുടെ കൈവശം റേഡിയോളജിസ്റ്റ് നല്‍കിയത് 86 വയസ്സുള്ള മറ്റൊരു വൃദ്ധയുടെ എക്‌സ്‌റേ ഫിലിമായിരുന്നു. ഇതില്‍ രോഗിയുടെ പേരും വയസ്സും വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും പരിശോധിച്ച ഡോക്ടര്‍ അത് ശ്രദ്ധിച്ചില്ല.
മാറി ലഭിച്ച എക്‌സ്‌റേ ഫിലിം മാത്രം മാനദണ്ഡമാക്കി ഡോക്ടര്‍ പെണ്‍കുട്ടിക്ക് ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നുകള്‍ കുറിച്ച് നല്‍കുകയായിരുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഈ മരുന്നുകള്‍ മൂന്ന് ദിവസത്തോളം പെണ്‍കുട്ടി കഴിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അസുഖത്തിന് യാതൊരു ആശ്വാസവും ലഭിച്ചില്ല. തുടര്‍ന്നാണ് കുടുംബം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തുടര്‍ചികിത്സ തേടാന്‍ തീരുമാനിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മുന്‍പ് ലഭിച്ച എക്‌സ്‌റേ ഫിലിമുമായി എത്തിയ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിച്ചത്. കൈവശമുള്ള എക്‌സ്‌റേ 88 വയസ്സുള്ള മറ്റൊരു രോഗിയുടേതാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുകയായിരുന്നു. ചികിത്സാ സമയത്ത് ഡോക്ടര്‍ എക്‌സ്‌റേയിലെ പേരും മറ്റു വിവരങ്ങളും നോക്കിയില്ലെന്ന് പെണ്‍കുട്ടിയും സ്ഥിരീകരിച്ചു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറിയിരുന്നില്ലെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരുന്നത് ആശ്വാസമായി.
സംഭവത്തില്‍ കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പെണ്‍കുട്ടിയുടെ കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ചികിത്സാപ്പിഴവ് ആരോപണത്തിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ബന്ധപ്പെട്ട ജീവനക്കാരോടും ഡോക്ടര്‍മാരോടും സംഭവിച്ച വീഴ്ചയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ രോഗിയുടെ ചികിത്സയും മരുന്നുനിര്‍ണ്ണയവും എക്‌സ്‌റേ മാത്രം അടിസ്ഥാനമാക്കിയല്ല നടത്തുന്നതെന്നാണ് സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം ; ശ്വാസതടസ്സത്തിന് ചികിത്സ തേടിയ പെൺകുട്ടിക്ക് എക്‌സ്‌റേ ഫിലിം മാറി നൽകി !!
Advertisement
Advertisement
Advertisement