breaking news New

ശബരിമല മണ്ഡലകാലം : വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണം : അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് സംസ്ഥാനത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

പരുമല പെരുന്നാൾ, മാരാമൺ കൺവൻഷൻ, മഞ്ഞനിക്കര പെരുന്നാൾ, എടത്വാ പെരുന്നാൾ, ചക്കുളത്തുകാവ് പൊങ്കാല തുടങ്ങിയ പ്രധാന തീർത്ഥാടന-ആത്മീയ കേന്ദ്രങ്ങളിലേക്കും ശബരിമലയിലേക്കുമെത്തുന്ന തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനെ ഒരു പ്രധാന തീർത്ഥാടക റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഒരു ജില്ലയിൽ കുറഞ്ഞത് ഒരു റെയിൽവേ സ്റ്റേഷനിലെങ്കിലും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന റെയിൽവേയുടെ പൊതുമാനദണ്ഡം തിരുവല്ലയുടെ കാര്യത്തിൽ അവഗണിക്കപ്പെടുകയാണെന്നും ഇത് തിരുവല്ലയോടുള്ള റെയിൽവേയുടെ അവഗണനയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

തിരുവല്ല റെയിൽവേ സ്റ്റേഷനോടുള്ള ഈ അവഗണന അവസാനിപ്പിച്ച് തീർത്ഥാടകരുടെയും യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4