തിരുവല്ല: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ.
പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ (ജനറൽ) നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
നവംബർ 18 മുതൽ ബാങ്കിന്റെ ഭരണം മുൻ ഭരണസമിതിക്ക് കൈമാറണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. നവംബർ 27 വരെയായിരുന്നു മുൻ ഭരണസമിതിയുടെ കാലാവധി. എന്നാൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തതോടെ മുൻ ഭരണസമിതിക്ക് അധികാരം തിരിച്ചുകിട്ടാനുള്ള നീക്കത്തിന് തിരിച്ചടിയായി.
മുൻ ഭരണസമിതിയുടെ കാലത്ത് ബാങ്കിൽ അഴിമതി, ക്രമക്കേട്, ഫണ്ട് ദുരുപയോഗം എന്നിവ നടന്നതായുള്ള പരാതികളെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ വാദം.
ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട 64 രേഖകൾ മതിയായ സമയം അനുവദിച്ചിട്ടും മുൻ ഭരണസമിതി കൈമാറിയില്ലെന്നാണ് അപ്പീലിലെ പ്രധാന ആരോപണം.
രേഖകൾ നൽകാത്ത സാഹചര്യത്തിലാണ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ജോയിന്റ് രജിസ്ട്രാർക്ക് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പി.എ. മുഹമ്മദ് ഷായും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അരുൺ ചന്ദ്രനും ഹാജരായി. ബാങ്കിനും അഡ്മിനിസ്ട്രേറ്റർക്കും വേണ്ടി ജോർജ് പൂന്തോട്ടവും മുൻ ഭരണസമിതിക്കുവേണ്ടി അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പും ഹാജരായി.
ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ ഉത്തരവോടെ ബാങ്കിന്റെ ഭരണനിയന്ത്രണം സംബന്ധിച്ച നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പത്തനംതിട്ട തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം തുടരും ; മുൻ ഭരണസമിതിക്ക് തിരിച്ചടി : സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
Advertisement
Advertisement
Advertisement