തൃശൂർ: പത്തുവർഷമായി നാട്ടുകാരുടെ പരാതികളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ കല്യാൺ സിൽക്സിനെതിരെ നടപടിയുമായി തൃശൂർ കോർപ്പറേഷൻ.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന കാനയിലേക്ക് മലിനജലം ഒഴുക്കിയതായി സംയുക്ത പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കല്യാൺ സിൽക്സിന്റെ കുരിയച്ചിറയിലെ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി. കോർപ്പറേഷന്റെ വിവരാവകാശ മറുപടിയിലൂടെയാണ് നടപടി സംബന്ധിച്ച വിവരം പുറത്തുവന്നത്.
കുരിയച്ചിറ, തോപ്പ് സ്റ്റേഡിയം, മണലിപ്പാടം മേഖലകളിലെ കുടുംബങ്ങളാണ് വർഷങ്ങളായി മലിനജല ദുരിതം അനുഭവിക്കുന്നതെന്നാണ് പരാതി. സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഓഫീസും ജീവനക്കാരുടെ താമസസ്ഥലവും ഉൾപ്പെടുന്ന കോമ്പൗണ്ടിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി പൊതുകാനയിൽ എത്തുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
മലിനജലം കാനകളിലൂടെ ഒഴുകി തൊറുത്തൂർ അമ്പലം–ഹിപ്പോ കനാൽ ഭാഗത്തേക്ക് എത്തുന്നതോടെ പ്രദേശമാകെ ദുർഗന്ധം വ്യാപിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. രാത്രിയുടെ മറവിൽ ചില സ്ഥാപനങ്ങൾ ഭൂമിക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ച് മലിനജലം പൊതുഓടകളിലേക്ക് ഒഴുക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ഒക്ടോബർ മൂന്നിന് ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൊതുഓടയിലേക്ക് മലിനജലം ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം നടപടി സ്വീകരിച്ചു. മലിനജലം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും പൊതുഓടയിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചിരുന്നു.
പിന്നാലെ കോർപ്പറേഷന്റെ ഒല്ലൂർ സോണൽ ഓഫീസും സംയുക്ത പരിശോധന നടത്തി. സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ കോമ്പൗണ്ടിലെ കുഴി നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായും പരിസരത്ത് അസഹനീയമായ ദുർഗന്ധമുണ്ടെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടാഭിരാമന് 50,000 രൂപ പിഴ ചുമത്തിയത്.
മലിനജലം കാനകളിലൂടെ ഒഴുകുന്നതിന് പുറമെ പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായെന്നാണ് നാട്ടുകാരുടെ ആരോപണം. വെള്ളത്തിന്റെ പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും പരാതിയുണ്ട്. സ്വന്തം കിണറുകളിലെ വെള്ളം ഉപയോഗിച്ചിരുന്ന കുടുംബങ്ങൾ ഇപ്പോൾ ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
കൊതുകുകളും പുഴുക്കളും പെരുകുന്നതിന് പുറമെ ശ്വാസതടസ്സം, അലർജി, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾ നേരിടുന്നതായി പറയുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.
2016 മുതൽ ജില്ലാ കളക്ടർ, മേയർ, കോർപ്പറേഷൻ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പ് അധികൃതർ, എംഎൽഎ തുടങ്ങിയവരുടെ ശ്രദ്ധയിൽ വിഷയംപ്പെടുത്തിയിട്ടും ഫലപ്രദമായ പരിഹാരമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കുരിയച്ചിറ ജനകീയ വികസന സമിതി, മണലിപ്പാടം റെസിഡന്റ്സ് അസോസിയേഷൻ, ചെറിയവേലി റോഡ് റെസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. ടോണി ഫ്രാൻസിസ്, പ്രൊഫ. തോമസ് പോൾ കളപ്പുരയ്ക്കൽ, ഡിവിഷൻ കൗൺസിലർ ഷോബി ഫ്രാൻസിസ് തുടങ്ങിയവർ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
പിഴ ചുമത്തിയതോടെ നാട്ടുകാരുടെ പത്തുവർഷത്തെ ദുരിതത്തിന് അവസാനമാകുമോ? മലിനജല ഒഴുക്ക് പൂർണമായി തടയുക, കാനകൾ ശുചീകരിക്കുക, കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുക, പ്രദേശത്ത് ശുദ്ധജലം ഉറപ്പാക്കുക തുടങ്ങിയ നടപടികളാണ് ഇനി നാട്ടുകാർ ആവശ്യപ്പെടുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in