breaking news New

കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ

കോട്ടയം :
എരുമേലി വെള്ളാവൂര്‍ വില്ലേജ് ഏറത്ത് വടകരകരയില്‍ അമ്പിളി ഭവന്‍ വീട്ടില്‍ അനൂപ് ആര്‍. നായരെയാണ് (37) കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും, വീട്ടില്‍ അതിക്രമിച്ച് കടന്ന കുറ്റത്തിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

2020 ജനുവരി 15-ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. എരുമേലി ശ്രീനിപുരം കോളനി ഭാഗത്തുള്ള വളവനാട് വീട്ടില്‍ താമസിച്ചിരുന്ന വിജയകുമാറിന്റെ ഭാര്യയുമായി പ്രതി അനൂപിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം വിജയകുമാര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയില്‍ കത്തിയുമായി വിജയകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടന്നിരുന്ന അദ്ദേഹത്തെ വിളിച്ചുണര്‍ത്തുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിവന്ന വിജയകുമാറിനെ വീടിന്റെ തിണ്ണയില്‍വെച്ച് പ്രതി നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവസമയത്ത് ശബ്ദംകേട്ട് പിതാവിന്റെ പിന്നാലെ എത്തിയ 15 വയസ്സുകാരനായ മകനാണ് കൊലപാതകം നേരില്‍ കണ്ടത്. ഈ ദൃക്‌സാക്ഷി മൊഴി കേസില്‍ നിര്‍ണായകമായി മാറി. എരുമേലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 31 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മീരാ എസ്.എസും അഡ്വ. അര്‍ജുന്‍ വി.എസും ഹാജരായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4