breaking news New

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയര്‍മാനുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയില്‍ (88) അന്തരിച്ചു

അരനൂറ്റാണ്ടിലേറെയായി കോട്ടയത്തെ സാമൂഹിക, സാംസ്‌കാരിക, കായിക മേഖലകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം, 1982 മുതല്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി കോട്ടയം പബ്ലിക് ലൈബ്രറിയെ മുന്‍നിരയില്‍ നിന്ന് നയിച്ച വ്യക്തിയാണ്.

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃപാടവമാണ് കോട്ടയം പബ്ലിക് ലൈബ്രറിയെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്. ലൈബ്രറി അങ്കണത്തില്‍ കെ.പി.എസ്. മേനോന്‍ ഹാള്‍, അക്ഷരശില്പം, ആര്‍ട്ട് ഗാലറി, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിര്‍മ്മിക്കപ്പെട്ടത്. ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനിക കാലത്തിനനുസൃതമായി ഡിജിറ്റലൈസ് ചെയ്യുന്നതിനും, പുസ്തക വിതരണത്തിനപ്പുറം നിരവധിയായ കലാ, സാഹിത്യ, സാംസ്‌കാരിക പരിപാടികളുടെ പ്രധാന കേന്ദ്രമാക്കി ലൈബ്രറിയെ മാറ്റുന്നതിനും അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.

1938 നവംബര്‍ 30-ന് കോട്ടയത്താണ് ജനനം. ചന്തക്കടവ് ചക്കാലയില്‍ പരേതരായ ബേബിയും (എബ്രഹാം) മേരിക്കുട്ടിയുമാണ് മാതാപിതാക്കള്‍. കോട്ടയം എം.ടി. ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം, കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും (എം.എ), ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

കോട്ടയം വൈ.എം.സി.എ, രാമവര്‍മ്മ യൂണിയന്‍ ക്ലബ്ബ് എന്നിവയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന ഏബ്രഹാം ഇട്ടിച്ചെറിയയുടെ വിയോഗം അക്ഷരനഗരിയുടെ സാംസ്‌കാരിക രംഗത്തിന് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ സാംസ്‌കാരിക പ്രമുഖരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ആനി ലില്ലി. മക്കള്‍: ഏബ്രഹാം സി., അനീറ്റ തോമസ്, ബിനീറ്റ വര്‍ഗീസ്, ആനി ഏബ്രഹാം.

സംസ്കാരം പിന്നീട് ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4