breaking news New

21 കോടിയുടെ വികസന ഫണ്ട് അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചില്ല ; വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെച്ചൊല്ലി മുൻ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി നിലവിലെ എംഎൽഎ അബിൻ വർക്കി. വീണാ ജോർജ് എംഎൽഎയായിരുന്ന അഞ്ച് വർഷക്കാലം മണ്ഡലത്തിന് അനുവദിച്ച 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം.

ഇതു സംബന്ധിച്ച വിവരാവകാശ രേഖകൾ തന്റെ കൈവശമുണ്ടെന്നും ആരോപണങ്ങൾ നിഷേധിക്കാനോ കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കാനോ ശ്രമിച്ചാൽ രേഖകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരവിപേരൂരിൽ ഇന്നലെ നടന്ന വികസന സദസ്സിലായിരുന്നു അബിൻ വർക്കിയുടെ വെളിപ്പെടുത്തൽ.

കലക്ടറേറ്റിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നതെന്ന് അബിൻ വർക്കി പറഞ്ഞു. സംസ്ഥാനത്ത് 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ട് ചെലവഴിക്കാത്ത ഏക നിയോജകമണ്ഡലം ആറന്മുളയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാനല്ല ആരോപണം ഉന്നയിക്കുന്നതെന്നും ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി.

അതേസമയം, അബിൻ വർക്കിയും മുൻ എംഎൽഎ വീണാ ജോർജും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചതിന് പിന്നാലെയാണ് 21 കോടി രൂപയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4