കോട്ടയം /ചങ്ങനാശ്ശേരി: കാലത്തിന്റെ കരിങ്കൽപ്പാളികളിൽ വിശ്വാസത്തിന്റെ ചരിത്രം കൊത്തിവെച്ച്, ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീരിനും പ്രത്യാശയ്ക്കും തണലേകിയ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം പുതിയൊരു ചരിത്രനിമിഷത്തിലേക്ക്. നവംബർ 21ന് നടക്കുന്ന മൈനർ ബസിലിക്ക പ്രഖ്യാപനത്തോടെ കേരളത്തിന്റെ ആത്മീയ-സാംസ്കാരിക ചരിത്രത്തിൽ സുവർണ അധ്യായമായി മാറുകയാണ് പാറേൽ പള്ളി.
1906ൽ ആരംഭിച്ച പ്രാർത്ഥനാ സങ്കേതത്തിന്റെ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരുവിതാംകൂർ രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും കാലഘട്ടത്തിൽ, അന്നത്തെ വികാരി അപ്പസ്തോലിക് മാർ മാത്യു മാക്കീലിന്റെ ദീർഘവീക്ഷണത്തിൽ മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരിയാണ് ഈ പുണ്യസങ്കേതത്തിന് തുടക്കമിട്ടത്. അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച് ആരംഭിച്ച എളിയ പ്രാർത്ഥനാലയം ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി വളർന്നു.
ജാതിമതഭേദമന്യേ നിരവധി വിശ്വാസികൾ മാതാവിന്റെ മധ്യസ്ഥം തേടിയെത്തുന്ന പാറേൽ പള്ളി മതസൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും സംഗമഭൂമിക കൂടിയാണ്.
1972ൽ അന്നത്തെ ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറയാണ് പഴയ ദൈവാലയത്തിന് കല്ലിട്ടത്. 1974ൽ ദൈവാലയം വിശ്വാസികൾക്കായി സമർപ്പിച്ചു. പിന്നീട് പുതിയ ദൈവാലയത്തിന്റെ നിർമ്മാണത്തിനായി അടിസ്ഥാനശില ഫ്രാൻസിസ് മാർപാപ്പയിൽനിന്ന് ആശീർവദിച്ചു വാങ്ങിയത് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ്.
സീറോ മലബാർ സഭയുടെ പാരമ്പര്യവും ഭാരതീയ വാസ്തുശിൽപകലയുടെ സൗന്ദര്യവും സമന്വയിപ്പിച്ചാണ് പുതിയ മഹാദൈവാലയം പണികഴിപ്പിച്ചിരിക്കുന്നത്. അമ്പതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള ദൈവാലയത്തിന്റെ ഉയർന്നുനിൽക്കുന്ന ഗോപുരങ്ങളും വിശാലമായ അകത്തളങ്ങളും ഭക്തിയുടെയും ശാന്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നു.
കല്ലും മണ്ണും ചേർത്തുയർത്തിയ ഒരു നിർമ്മിതി എന്നതിലുപരി, ഒരു ജനതയുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും പ്രതീകമാണ് പുതിയ ദൈവാലയം. തലമുറകളായി പാറേൽ പള്ളിയുമായി ചേർന്നുനിൽക്കുന്ന വിശ്വാസസമൂഹത്തിന്റെ പ്രാർത്ഥനകളും പ്രതീക്ഷകളും ഈ മഹാസൃഷ്ടിയിൽ ഇഴചേർന്നിരിക്കുന്നു.
മഹാദൈവാലയത്തിന്റെ കൂദാശാ കർമങ്ങൾക്കൊപ്പം, പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തെ മർത്ത മറിയം അമലോൽഭവ തീർത്ഥാടന ബസിലിക്കയായി ഉയർത്തിയതിന്റെ പ്രഖ്യാപനവും നടക്കും. പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തെത്തുടർന്നുള്ള പ്രഖ്യാപനം ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ ചരിത്രമുഹൂർത്തം ചങ്ങനാശ്ശേരിയുടെ ആത്മീയ-സാംസ്കാരിക പൈതൃകത്തിൽ പുതിയൊരു അടയാളമായി മാറും. പാറേൽ കുന്നിൽ ഉയരുന്ന ഈ പ്രാർത്ഥനാഗോപുരം വരുംതലമുറകൾക്കും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വഴികാട്ടിയായി നിലകൊള്ളട്ടെ.
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പുതിയ പ്രഭാതത്തിലേക്കുള്ള തിരിതെളിക്കലാകട്ടെ ഈ മഹാസംഗമം.
ലേഖകൻ: ബിജു ചെറുകാട്
യുവദീപ്തി കെ.സി.വൈ.എം.
മുൻ ജനറൽ സെക്രട്ടറി
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in