തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലായി.
കിഴക്കേക്കോട്ടയിൽ മാത്രം ഒരു മണിക്കൂറിനിടെ 91 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തി പ്രാപിച്ചത്.
തമ്പാനൂരിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളം ഒഴുകിപ്പോകാതെ റോഡുകൾ മുങ്ങിയതോടെ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.