breaking news New

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി ; വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.19 കോടി തട്ടിയെടുത്തു : വിദേശത്തായിരുന്ന പ്രതി പിടിയിൽ

മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്തിനെയാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാസർകോട് സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. ഡോക്ടർ മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്ന് വിശ്വസിപ്പിച്ചാണ് ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ആകെ 1,19,35,000 രൂപയാണ് പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് ഡോക്ടർ കൈമാറിയത്.

സംഭവത്തിൽ കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46.25 ലക്ഷം രൂപ നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇതേ ദിവസം ഈ തുകയിൽ നിന്ന് 9.60 ലക്ഷം രൂപ രണ്ട് ഇടപാടുകളിലായി ഷംഷാദ് ചുരകുത്തിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതിൽ ഒമ്പത് ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് വ്യക്തമാക്കി.

പ്രതി വിദേശത്ത് ജോലി ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. സെപ്റ്റംബർ 17ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് സൈബർ പൊലീസിന് വിവരം ലഭിച്ചു.

കാസർകോട് ജില്ലാ പൊലീസ് മേധാവി നിധിൻരാജ് പി., സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവൻ കെ. എന്നിവരുടെ നിർദേശപ്രകാരം എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവർ ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4