മലപ്പുറം: ട്രാഫിക് നിയമലംഘനത്തിന് പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശം വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് ബാങ്ക് അക്കൗണ്ടിൽനിന്ന് 3.89 ലക്ഷം രൂപ നഷ്ടമായി. കൊണ്ടോട്ടിയിലാണ് ഞെട്ടിക്കുന്ന സൈബർ തട്ടിപ്പ് നടന്നത്. നമ്പോലൻകുന്ന് സ്വദേശി ജംഷീദ് (41) ആണ് തട്ടിപ്പിനിരയായത്.
നവംബർ എട്ടിനാണ് സംഭവത്തിനാസ്പദമായ സന്ദേശം ജംഷീദിന്റെ മൊബൈൽ ഫോണിലെത്തിയത്. വാഹനവുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും തുക അടയ്ക്കണമെന്നുമായിരുന്നു സന്ദേശത്തിലെ അറിയിപ്പ്. പരിവാഹൻ പോർട്ടലിനോട് സാമ്യമുള്ള വ്യാജ വെബ്പേജിലേക്കുള്ള ലിങ്കും റഫറൻസ് നമ്പറും സന്ദേശത്തിലുണ്ടായിരുന്നു.
നിർദേശങ്ങൾ വിശ്വസിച്ച് ലിങ്കിൽ പ്രവേശിച്ച് വാഹന രജിസ്ട്രേഷൻ നമ്പർ നൽകിയതിനു പിന്നാലെയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം നടന്നത്. യുപിഐ ആപ്ലിക്കേഷൻ വഴി പത്ത് ഇടപാടുകളിലായി 3,89,496 രൂപയാണ് അക്കൗണ്ടിൽനിന്ന് പിൻവലിക്കപ്പെട്ടത്. ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ജംഷീദ് തിരിച്ചറിഞ്ഞത്.
പരാതിയെ തുടർന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായും അവ മരവിപ്പിക്കാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു. സമാനമായ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾ ലഭിച്ച് പണം നഷ്ടപ്പെട്ടതായി മറ്റു ചിലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ജാഗ്രത: ട്രാഫിക് പിഴയുടെ പേരിൽ മൊബൈലിലെത്തുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഔദ്യോഗിക പരിവാഹൻ വെബ്സൈറ്റ് വഴി മാത്രം പിഴ വിവരങ്ങൾ പരിശോധിക്കുക.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ട്രാഫിക് പിഴയുടെ പേരിൽ സൈബർ കെണി ; വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത 41കാരന് നഷ്ടമായത് 3.89 ലക്ഷം രൂപ !!
Advertisement
Advertisement
Advertisement