തിരുവനന്തപുരം : സ്വർണപ്പണയ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന്റെ മറവിൽ വിവിധ ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ.
തിരുവനന്തപുരം ചെമ്പൂർ ഒറ്റശേഖരമംഗലം സ്വദേശിനി നിഷ (37)യെയാണ് ആര്യങ്കോട് പോലീസ് പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
സെപ്റ്റംബർ 14-ന് ചെമ്പൂരിലെ പ്രമുഖ ബാങ്ക് മാനേജരെ സമീപിച്ച നിഷ, 50 ലക്ഷം രൂപയുടെ സ്വർണപ്പണയ വായ്പ ടേക്ക് ഓവർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് ബാങ്ക് വായ്പ അനുവദിക്കുകയും തുക നിഷയുടെ ഇസാഫ് ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. പണം അക്കൗണ്ടിലെത്തിയതോടെ യുവതി മുങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ലഭിച്ച തുക വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി.
പണയസ്വർണവുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് പുറത്തായത്. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിലെ സമാന തട്ടിപ്പുകളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കരിങ്കല്ലത്താണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെയും ഇതേ രീതിയിൽ കബളിപ്പിച്ചതായാണ് വിവരം. കേരളത്തിലെ മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെയും പ്രതി സമാനരീതിയിൽ സമീപിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണ് നിഷയെന്നും റിപ്പോർട്ടുകളുണ്ട്. തട്ടിപ്പിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കൂടുതൽ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ആര്യങ്കോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ ജിഎഎസ്ഐമാരായ പ്രവീൺ കുമാർ, ഷീബ, സിപിഒമാരായ ജയപ്രകാശ്, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർനടപടികൾക്കായി കൈമാറി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്വർണപ്പണയ വായ്പ ടേക്ക് ഓവറിന്റെ മറവിൽ 50 ലക്ഷത്തിന്റെ തട്ടിപ്പ് ; ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചെന്ന കേസിൽ 37കാരി അറസ്റ്റിൽ !!
Advertisement
Advertisement
Advertisement