breaking news New

അത്തം പിറന്നതോടെ പത്തനംതിട്ട ജില്ലയിൽ ഓണവിപണിയിൽ പച്ചക്കറിവില കുതിക്കുന്നു : സാധാരണക്കാരൻ ഓണത്തിന് പാടുപെടും !!

പത്തനംതിട്ട :
അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും കേരളത്തിലെ വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം പച്ചക്കറികൾക്കും പല വ്യജ്ഞനങ്ങൾക്കും ഒരു പോലെ വില ഉയർന്നിരിക്കുകയാണ്.

ഇങ്ങനെ പോയാൽ തിരുവോണ സദ്യയ്ക്കും മറ്റും ഭീമമായ ചെലവ് ഏറുമെന്ന് സാരം. ഇന്നു വാങ്ങിയ വിലയല്ല നാളെ എന്ന സ്ഥിതിയിലേക്കാണ് വിപണിയിലെ കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പച്ചക്കറികൾക്ക് വില വർധന ഉണ്ടായത് 5 മുതൽ 30 രൂപ വരെയാണ്. മുരിങ്ങയ്ക്കയുടെയും കാരറ്റിൻ്റെയും വില സെഞ്ച്വറി പിന്നിട്ടു. പിരിയൻ മുളക്, ഉള്ളി എന്നിവയ്ക്ക് രണ്ടു ദിവസമായി വില കൂടുന്നുണ്ട്.

വയനാടൻ ഏത്തക്കുലകളുടെ വരവ് കുറഞ്ഞ് മേട്ടുപ്പാളയം കുലകളാണ് ജില്ലയിൽ ഇപ്പോൾ കൂടുതലായി എത്തുന്നത്. വിലയിൽ വലിയ വ്യത്യാസമില്ല, 70 - 90 വരെ എത്തി നിൽക്കുന്നു.

പഞ്ചസാരയ്ക്ക് വില കൂടുന്നതിനാൽ പായസത്തിന് ഇക്കുറി മധുരം കുറയ്‌ക്കേണ്ടി വരും. ജില്ലയിൽ 13 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് ഇക്കുറി വെള്ളപ്പൊക്കം കാരണം ഉണ്ടായത്. നദീതീരങ്ങളിൽ ഓണം ലക്ഷ്യമിട്ട് പരിപാലിച്ച കൃഷി വകകൾ ഭൂരിഭാഗവും നശിച്ചു. ഇതു മൂലം നാടൻ പച്ചക്കറികൾക്കും ക്ഷാമമായി.

ജില്ലയിലേക്ക് രണ്ടു ദിവസമായി പച്ചക്കറി ലോഡ് എത്തുന്നതും കുറഞ്ഞിട്ടുണ്ട്. തിരുവോണമടുക്കുന്നതോടെ പച്ചക്കറി വില ഇനിയും കൂടാനാണ് സാധ്യത.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5