breaking news New

ദാ ഇതാണ് പോളിട്രിക്സ് : പൂഞ്ഞാറിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ടില്‍ ഭാരവാഹികള്‍ വലിയ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന പ്രസംഗം വന്‍ വിവാദമായതിന് പിന്നാലെ നിലപാട് പൂര്‍ണ്ണമായും തിരുത്തി മലക്കം മറിഞ്ഞ് പി.സി. ജോര്‍ജ് !!

ആരും ഒരു പൈസ പോലും തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് മോഷ്ടിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

ബി.ജെ.പി വിടുന്ന പ്രശ്‌നമേയില്ലെന്ന് വ്യക്തമാക്കിയ ജോര്‍ജ്, പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ രൂക്ഷമായ ഭാഷയിലാണ് തള്ളിക്കളഞ്ഞത്.

കഴിഞ്ഞ ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന 'ദീന്‍ദയാല്‍' ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പാര്‍ട്ടി ക്യാമ്പിലും പൊതുസമൂഹത്തിലും വന്‍ വിവാദം ഉടലെടുത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലരക്കോടിയോളം രൂപ പാര്‍ട്ടി ചെലവാക്കിയെന്നും ബൂത്തുകളിലേക്ക് നല്‍കേണ്ട തുക നേതാക്കള്‍ വെട്ടിച്ചെടുത്ത് പുതിയ കാറുകള്‍ വാങ്ങിയെന്നുമായിരുന്നു പ്രസംഗത്തില്‍ ജോര്‍ജിന്റെ പ്രധാന ആരോപണം.

എന്നാല്‍ വീഡിയോ ലീക്കായി പാര്‍ട്ടി സംസ്ഥാന നേതൃത്വവും അണികളും കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതോടെയാണ് ജോര്‍ജ് മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയത്. 'എരുമേലിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധാരണ മൂലമാണ്. ഒരു നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപ മാത്രമാണ്. എനിക്ക് അത്രപോലും ചെലവായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എരുമേലിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്, അതില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു,' പി.സി. ജോര്‍ജ് പറഞ്ഞു.

ആരോപണങ്ങള്‍ പാടെ നിഷേധിച്ച് ജോര്‍ജ് രംഗത്തെത്തിയതോടെ ബി.ജെ.പി നേതൃത്വം താല്‍ക്കാലികമായി ആശ്വാസത്തിലാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5