കോട്ടയം :
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ക്യാമ്പുകളില്‍ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് നടന്നുവെന്നും പാര്‍ട്ടിയുടെ ഫണ്ട് നേതാക്കള്‍ പരസ്പരം വീതിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന 'ദീന്‍ദയാല്‍' ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപി വിവാദത്തിൽ ആയത്. പാര്‍ട്ടി ഫോറത്തിലെ വീഡിയോയാണ് ലീക്കായത്
പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തോതിലുള്ള തട്ടിപ്പാണ് നടന്നതെന്ന് പാര്‍ട്ടി നേതാക്കളെയും അണികളെയും വേദിയിലിരുത്തി ജോര്‍ജ് തുറന്നടിച്ചു.
ബി.ജെ.പി മധ്യമേഖലാ ജനറല്‍ സെക്രട്ടറിയായിരുന്ന സജി കുര്യക്കാടാണ് ഫണ്ട് കൈകാര്യം ചെയ്തതെന്നും അദ്ദേഹമാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും ജോര്‍ജ് നേരിട്ട് പേരെടുത്ത് പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ പി.സി. ജോര്‍ജ് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ലീക്കായതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി 40 ലക്ഷം രൂപ മാത്രമേ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ അനുമതിയുള്ളൂ. എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മാത്രം നാലരക്കോടി രൂപ ബി.ജെ.പി ചെലവാക്കി എന്ന് പി.സി. ജോര്‍ജ് വെളിപ്പെടുത്തി.
എ ക്ലാസ് മണ്ഡലമായി പാര്‍ട്ടി കണക്കാക്കിയ പൂഞ്ഞാറില്‍ തനിക്ക് പ്രചാരണത്തിനായി 4.45 കോടി രൂപ ചെലവായി എന്ന വ്യാജ കണക്കാണ് പാര്‍ട്ടി ഭാരവാഹികള്‍ നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്ക് നല്‍കിയ ചിലവ് കണക്കിലെ പട്ടിക പരിശോധിച്ചപ്പോള്‍ അതില്‍ പേരുള്ള പല പ്രാദേശിക നേതാക്കളും പണം ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയതായി പി സി ജോര്‍ജ്ജ് പ്രസംഗത്തില്‍ പറഞ്ഞു. 'ഈ തെരഞ്ഞെടുപ്പില്‍ നാലരക്കോടി രൂപയാണ് പാര്‍ട്ടി ചെലവഴിച്ചത്. ഇതില്‍ നിങ്ങളാരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. നിങ്ങള്‍ സ്വയം ചിന്തിച്ചു നോക്കൂ. ഞാന്‍ ആ രൂപയില്‍ തൊട്ടിട്ടില്ല എന്ന് മാത്രമല്ല, അത് മുഴുവന്‍ നമ്മുടെ സജി കുര്യക്കാട്ടിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്,' എന്ന് പി.സി. ജോര്‍ജ് യോഗത്തില്‍ പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളില്‍ താന്‍ നേരിട്ട് ഇടപെടാറില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സജി കുര്യക്കാട്ടിനോട് കണക്ക് ചോദിച്ചതാണെന്നും ജോര്‍ജ് വിശദീകരിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് തന്ന കണക്കില്‍ 4.45 കോടി രൂപ ചെലവായെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കാതിരിക്കാന്‍ താന്‍ ഈ വിവരങ്ങള്‍ പുറത്തു പറയാന്‍ പോയില്ലെന്നും, എന്നാല്‍ കണക്കില്‍ പറയുന്ന പലരെയും വിളിച്ചു ചോദിച്ചപ്പോള്‍ പണം കിട്ടിയിട്ടില്ല എന്നാണ് അറിഞ്ഞതെന്നും അദ്ദേഹം തുറന്നടിച്ചു.
മണ്ഡലത്തിലെ ഓരോ ബൂത്ത് കമ്മിറ്റികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കായി 31,000 രൂപ വീതം നല്‍കാന്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ നിര്‍ദ്ദേശം ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ബി.ജെ.പിയുടെ ഭൂരിഭാഗം ബൂത്തുകളിലും ഈ പണം നല്‍കിയില്ല. തനിക്ക് വ്യക്തിപരമായി വലിയ സ്വാധീനമുള്ള തിടനാട് പഞ്ചായത്തില്‍ വോട്ടിംഗ് ശതമാനത്തില്‍ വന്‍ ഇടിവുണ്ടായപ്പോഴാണ് തട്ടിപ്പ് പുറത്തായതെന്നും ജോര്‍ജ് പ്രസംഗത്തില്‍ പറയുന്നു.
തിടനാട് പഞ്ചായത്തില്‍ താന്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ പോലും 3000 വോട്ടിന്റെ ലീഡ് നേടിയിരുന്ന സ്ഥാനത്ത് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബൂത്തുകളില്‍ അന്‍പതില്‍ താഴെ വോട്ടുകളാണ് ലഭിച്ചത്. ഇത് കണ്ട് അമ്പരന്നുപോയ താന്‍ അവിടുത്തെ ബൂത്ത് പ്രസിഡന്റിനെ വിളിച്ചുവരുത്തി 31,000 രൂപ എവിടെ എന്ന് ചോദിച്ചപ്പോഴാണ് തുക കൈയില്‍ കിട്ടിയില്ലെന്ന് അവന്‍ പറഞ്ഞതെന്നും ജോര്‍ജ് വെളിപ്പെടുത്തി.
തുടര്‍ന്ന് പണം കൊടുക്കാന്‍ ഏല്‍പ്പിച്ച പ്രാദേശിക നേതാവിനെ വിളിച്ചു വരുത്തിയപ്പോള്‍ കൊടുക്കാന്‍ മറന്നുപോയി എന്ന അലസമായ മറുപടിയാണ് ലഭിച്ചതെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കി. 'എന്റെ വായില്‍ വന്ന ചീത്തയെല്ലാം ഞാന്‍ അവനെ വിളിച്ചു. അവനോട് മാത്രം ഞാന്‍ കാശ് തിരിച്ചു വാങ്ങി വീട്ടിലെ ബൈബിളില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇങ്ങനെയോ ഒരു പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്? അത്ര വൃത്തികെട്ടവന്മാരാണ് നമ്മുടെ പാര്‍ട്ടിയിലുള്ളത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
പണമെല്ലാം വിഴുങ്ങി പാര്‍ട്ടി നേതാക്കള്‍ പുതിയ കാറുകള്‍ വാങ്ങിക്കൂട്ടുകയാണെന്നും ജോര്‍ജ് കടന്നാക്രമിച്ചു.
'എല്ലാവരും കാര്‍ മേടിക്കുകയാണ്. ബി.ജെ.പിയുടെ കാശ് കൊണ്ട് കാര്‍ മേടിച്ചാല്‍ ആ കാര്‍ ഇടിച്ചു പോകും. അത് പ്രാക്കാണ്. ദൈവം തമ്പുരാന്‍ വിടുകേല. ആ പ്രാകുന്നത് ഞാനാണ്,' എന്ന് വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേതാക്കളെ ശപിച്ചത്.
സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഒരു പ്രമുഖ നേതാവ് തന്നെ രംഗത്തുവന്നത് ബി.ജെ.പിക്ക് വലിയ തലവേദനയായിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെയും മുതിര്‍ന്ന ഭാരവാഹികളെയും പ്രതിരോധത്തിലാക്കി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗവും മുതിര്‍ന്ന നേതാവുമായ പി.സി. ജോര്‍ജിന്റെ പ്രസംഗം !!
Advertisement
Advertisement
Advertisement