breaking news New

ഇടുക്കി എഴുകുംവയലില്‍ നാടിനെ നടുക്കി ഇരട്ടക്കൊലപാതകം ; മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി !!

ഇടുക്കി / നെടുങ്കണ്ടം :
എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി (അപ്പച്ചന്‍), ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് ദാരുണമായ സംഭവം നടന്നത്.

തീവ്ര ലഹരിക്ക് അടിമയായ അജീഷ് രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വഴക്ക് മൂത്തതോടെ അജീഷ് മാതാപിതാക്കളെ ആയുധമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അജീഷ് ഇതിന്റെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ബന്ധുവിന് അയച്ചുകൊടുക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ കണ്ട ബന്ധു ഉടന്‍ തന്നെ വിവരം ഇടവകയിലെ വൈദികനെ അറിയിച്ചു. തുടര്‍ന്ന് വികാരിയും പ്രാദേശിക പഞ്ചായത്ത് മെമ്പറും സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇരുവരും സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് അജീഷിനെ കണ്ടത്. സംശയം തോന്നി വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് ആന്റണിയും വത്സമ്മയും മരിച്ചുകിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അജീഷിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടക്കുമ്പോള്‍ ആന്റണിയുടെ പ്രായമായ അമ്മയും വീട്ടിലുണ്ടായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5