എട്ടുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവുമായി അപ്രത്യക്ഷയായ യുവതിയുടെയും, വയറ്റില്‍ നിന്ന് പ്രസവിക്കപ്പെട്ട് പൊക്കിള്‍കൊടി പോലും അറ്റു പോകാതെ നവജാത ശിശുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അതൊരു പഴുതടച്ച കൊലപാതകസൂത്രണമായിരുന്നു എന്ന് വ്യക്തമായിരുന്നു.
എന്നാല്‍, പ്രതിയുടെ സര്‍വ കണക്കുകൂട്ടലുകളും തെറ്റിച്ച് ശാസ്ത്രീയ തെളിവുകളും ഡി.എന്‍.എ സാക്ഷ്യവും തുമ്പുണ്ടാക്കിയ കേസില്‍ പ്രതി തങ്കച്ചന്‍ എന്ന മാത്യു ദേവസ്യ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.2012 ജനുവരി 14-നാണ് കേസിനാസ്പദമായ വഴിത്തിരിവുണ്ടാകുന്നത്.
പാമ്പാടുംപാറ കാപ്പിത്തോട്ടത്തിലെ തൊഴിലാളികള്‍ എസ്റ്റേറ്റിലെ കുളത്തില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന വലിയൊരു നീലപ്പടുതാക്കെട്ട് കണ്ടെത്തുകയായിരുന്നു. ഭയം തോന്നിയ തൊഴിലാളികള്‍ വിവരമുടന്‍ വണ്ടന്‍മേട് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കെട്ടഴിച്ച് നടത്തിയ പരിശോധനയിലാണ് ഒരു സ്ത്രീയുടെയും നവജാതശിശുവിന്റെയും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്.
നാടിനെയാകെ വിറപ്പിച്ച ആ കാഴ്ചയ്ക്ക് പിന്നാലെ നടന്ന അന്വേഷണത്തില്‍, കൊല്ലപ്പെട്ടത് കട്ടപ്പന കടമാകുഴി സ്വദേശിനിയായ അമ്പിളിയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കൊല്ലപ്പെടുന്ന സമയത്ത് ഗര്‍ഭിണിയായിരുന്ന അമ്പിളിയുടെ മൃതദേഹത്തോടൊപ്പം പൊക്കിള്‍കൊടി പോലും അറ്റു പോകാത്ത നിലയില്‍ കണ്ടെത്തിയ കുഞ്ഞ് പ്രതിയുടേതാണോ എന്ന് ഉറപ്പാക്കാന്‍ പോലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം പുറത്തുവന്നതോടെ കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചു. കൊല്ലപ്പെട്ടത് അമ്പിളി തന്നെയാണെന്നും ആ നവജാതശിശുവിന്റെ പിതാവ് പ്രതിയായ മാത്യു ദേവസ്യയാണെന്നും സംശയത്തിനിടയില്ലാത്തവിധം വെളിപ്പെട്ടു.
അമ്മയെയും ഉദരത്തില്‍ കിടന്ന കുഞ്ഞിനെയും ഒരേപോലെ ഇല്ലാതാക്കിയ ആ ക്രൂരകൃത്യത്തിന്റെ വിവരങ്ങള്‍ പിന്നീട് ഒന്നൊന്നായി പുറത്തുവന്നു. കട്ടപ്പന കടമാകുഴി ഭാഗത്തുള്ള കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പര്‍വൈസറായിരുന്നു പ്രതിയായ മാത്യു ദേവസ്യ. അതേ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അവിവാഹിതയായ അമ്പിളി. ജോലിസ്ഥലത്തു വെച്ച് ഇരുവരും അടുപ്പത്തിലാവുകയും അമ്പിളി ഗര്‍ഭം ധരിക്കുകയുമായിരുന്നു.
ഭാര്യയും മക്കളുമുള്ള കുടുംബസ്ഥനായ തങ്കച്ചന്, അമ്പിളി ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് തന്റെ കുടുംബജീവിതം തകര്‍ക്കുമെന്നും സമൂഹത്തിലുള്ള സത്‌പേരിന് കളങ്കമുണ്ടാക്കുമെന്നുമുള്ള ഭയമുണ്ടായി. ഇതോടെയാണ് അമ്പിളിയെയും ഗര്‍ഭസ്ഥശിശുവിനെയും എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ തങ്കച്ചന്‍ പദ്ധതിയിട്ടത്.
2012 ജനുവരി മൂന്നിന് പദ്ധതി നടപ്പാക്കാന്‍ പ്രതി തീരുമാനിച്ചു. ജോലിക്കെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങാന്‍ അമ്പിളിയോട് നിര്‍ദേശിച്ച തങ്കച്ചന്‍, യുവതിയെ പാമ്പാടുംപാറ ആനകുത്തി ഭാഗത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അമ്പിളി മുന്‍ തീരുമാനപ്രകാരം കൃത്യ സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രതി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൊലപാതകത്തിന് ആവശ്യമായ പ്ലാസ്റ്റിക് കയറും പടുതായും കട്ടപ്പനയില്‍ നിന്ന് നേരത്തെ തന്നെ വാങ്ങി ബിഗ് ഷോപ്പറിലാക്കി ഓട്ടോറിക്ഷയിലാണ് ഇയാള്‍ ആനകുത്തിയിലെത്തിച്ചത്.
തുടര്‍ന്ന്, തനിക്ക് മുന്‍പരിചയമുള്ളതും ആള്‍സഞ്ചാരമില്ലാത്തതുമായ പാമ്പാടുംപാറ എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലേക്ക് അമ്പിളിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് എട്ടുമാസം ഗര്‍ഭിണിയായ ആ യുവതിയെ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തില്‍ കുറുക്കി ശ്വാസംമുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തി.
കൊലപാതകത്തിനിടെയോ അതിനു തൊട്ടുപിന്നാലെയോ ആണ് നവജാതശിശു പുറത്തുവന്നത്. തുടര്‍ന്ന് തെളിവുനശിപ്പിക്കാന്‍ രണ്ടു മൃതദേഹങ്ങളും നീലപ്പടുതിയില്‍ പൊതിഞ്ഞ്, കല്ലുകെട്ടി കുളത്തിലേക്ക് തള്ളുകയായിരുന്നു.
താന്‍ ചെയ്ത ക്രൂരകൃത്യം ആരും അറിയില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതി. എന്നാല്‍ അമ്പിളിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.
പോലീസ് അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി മാത്യു ദേവസ്യ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാപ്പിത്തോട്ടത്തിലെ കുളത്തില്‍ നിന്ന് നീലപ്പടുതാക്കെട്ട് പൊന്തിയതും ചുരുളഴിഞ്ഞതും.
നേര്‍സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ കൃത്യതയും ശാസ്ത്രീയ തെളിവുകളുടെ ബലവുമാണ് പ്രോസിക്യൂഷന് പിടിവള്ളിയായത്. അന്നത്തെ കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് പഴുതടച്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 32 സാക്ഷികളെ വിസ്തരിക്കുകയും 52 പ്രമാണങ്ങളും 23 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ശ്രീ സനു എസ്. പണിക്കരാണ് പ്രതി മാത്യു ദേവസ്യ കുറ്റക്കാരനാണെന്ന് വിധിച്ചത്.
ഐ.പി.സി 302 (കൊലപാതകം), 201 (തെളിവുനശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 18-ാം തീയതി പ്രഖ്യാപിക്കും.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വ. സനീഷ് എസ്.എസ്. ഹാജരായി.
ഇടുക്കി കട്ടപ്പന പാമ്പാടുംപാറ കൊലപാതകത്തില്‍ കോടതിയിലും സത്യം തെളിഞ്ഞു : ശിക്ഷ ഈ മാസം 18-ാം തീയതി പ്രഖ്യാപിക്കും
Advertisement
Advertisement
Advertisement