മെട്രോ പില്ലര്‍ നമ്പര്‍ 721, 722, 723 എന്നിവയ്ക്ക് സമീപമുള്ള ജോസ് ജംഗ്ഷന്‍ ഭാഗത്താണ് സംഭവം. കൊച്ചിയിലെ പൗരന്മാരുടെ സാംസ്‌കാരികവും കലാപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഈ സ്ഥലം പുളിമൂട്ടില്‍ ടെക്‌സ്റ്റൈല്‍സിന്റെ അല്‍മാര എന്ന സ്ഥാപനം സ്വന്തം വാണിജ്യ ആവശ്യത്തിനായി എക്‌സ്‌ക്ലൂസീവ് പാര്‍ക്കിംഗ് ഏരിയയായി മാറ്റിയെന്നാണ് ആരോപണം. മട്ടാഞ്ചേരിയിലെ പ്രമുഖ ഗുജറാത്തി സാമൂഹിക പ്രവര്‍ത്തകനായ ദീപക് പുജാരയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഈ സ്ഥലം കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയതാണെന്നാണ് ബന്ധപ്പെട്ട വാണിജ്യ സ്ഥാപനം അവകാശപ്പെടുന്നത്.
എന്നാല്‍ അത്തരമൊരു അവകാശവാദമുണ്ടെങ്കില്‍ അതിന് ആസ്പദമായ ഔദ്യോഗിക ഉത്തരവ്, അലോട്ട്‌മെന്റ്, ലൈസന്‍സ് അല്ലെങ്കില്‍ മറ്റ് നിയമപരമായ അനുമതികള്‍ എന്നിവ ബന്ധപ്പെട്ട സ്ഥാപനം ഉടന്‍ ഹാജരാക്കണമെന്നും അധികാരികള്‍ ഇത് സ്വതന്ത്രമായി പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ബോര്‍ഡുകള്‍ വച്ചോ, സ്വകാര്യ സെക്യൂരിറ്റിയെ നിര്‍ത്തിയോ, തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങള്‍ ഉന്നയിച്ചോ പൊതുസ്ഥലം സ്വന്തമാക്കാനോ നിയന്ത്രിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് ദീപക് പുജാര ചൂണ്ടിക്കാട്ടി.വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മെട്രോ പില്ലര്‍ 721, 722, 723 നില്‍ക്കുന്ന പ്രദേശം കോര്‍പ്പറേഷന്‍ അടിയന്തരമായി പരിശോധിക്കുകയും സ്ഥാപനം അവകാശപ്പെടുന്ന അനുമതി പത്രങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും വേണം.
കൂടാതെ, ഇവിടെ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡുകളും മറ്റ് തടസ്സങ്ങളും ഉടനടി നീക്കം ചെയ്യുകയും പൊതുസ്ഥലം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയുകയും വേണം.
പൗരന്മാരുടെ സാംസ്‌കാരിക, കലാ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്ഥലം വീണ്ടും സംരക്ഷിച്ചു നല്‍കണമെന്നും പരാതിയില്‍ പറയുന്നു. പൊതുസ്ഥലം പൊതുജനങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അത് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ളതല്ലെന്നും ദീപക് പുജാര വ്യക്തമാക്കി.