breaking news New

ആലപ്പുഴയിൽ ഫോണിൽ സംസാരിച്ചു നിന്ന 30കാരിക്ക് നേരെ ക്രൂരാക്രമണം ; വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച ഹരിപ്പാട് സ്വദേശി കസ്റ്റഡിയിൽ

ആലപ്പുഴ താമരക്കുളം പറയിന്‍കുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പറയിന്‍കുളം സ്വദേശിനിയായ ശബാന (30) ആണ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പ്രതിയായ ഹരിപ്പാട് മുതുകുളം സ്വദേശി ശരത് കൃഷ്ണനെ പോലീസ് പിടികൂടി.

കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശബാനയെ തേടി ശരത് കൃഷ്ണന്‍ എത്തുകയും, പെട്ടെന്ന് തന്നെ ആയുധമെടുത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെട്ടേറ്റ് ചോരവാര്‍ന്ന് വീണ ശബാനയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ആറ് വര്‍ഷമായി ശബാനയും ശരതും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തകാലത്തായി യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതാണ് തന്നെ കോപാകുലനാക്കിയതെന്നും, ഇതേത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ശരത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ശരത് കൃഷ്ണന്‍ പോലീസിന്റെ വലയിലായത്. ഇയാളെ നിലവില്‍ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5