എറണാകുളം : വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഓഗസ്റ്റ് 19-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലുവ എസ്.എച്ച്.ഒ ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആലുവ ചൂര്‍ണിക്കര സ്വദേശിയായ രാഹുല്‍ കെ.ടി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
2011-16, 2016-21, 2021-26, കാലഘട്ടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വൈരുദ്ധ്യങ്ങളും തെറ്റായ വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും അന്‍വര്‍ സാദത്തിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, 1993-ല്‍ ആലുവ എസ്.എന്‍.ഡി.പി ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, 1993-ല്‍ അതേ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരാജയപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ല്‍ എസ്.എസ്.എല്‍.സി വിജയിച്ചതായി കാണിച്ചയാള്‍ 2026-ല്‍ തോറ്റതായി രേഖപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും വ്യാജരേഖ ചമയ്ക്കാനുമുള്ള നീക്കമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ വ്യാജരേഖകള്‍ ചമയ്ക്കുകയും സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിലൂടെ ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ 335, 336, 337, 338, 339, 340, 341, 342, 344 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ 2011 മുതല്‍ എം.എല്‍.എയായി പ്രവര്‍ത്തിച്ച് കൈപ്പറ്റിയ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാരിലേക്ക് തിരിച്ചുപിടിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
ഭാരതീയ ന്യായ സംഹിതയിലെ പ്രസ്തുത വകുപ്പുകള്‍ക്ക് പുറമെ ഐ.ടി ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ഹര്‍ജിയിലെ ആരോപണങ്ങളും തെളിവുകളും പ്രാഥമികമായി പരിശോധിച്ച ശേഷമാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ വ്യാജ സത്യവാങ്മൂലവും വ്യാജരേഖകളും സമര്‍പ്പിച്ചെന്ന പരാതിയില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി-1 അന്വേഷണത്തിന് ഉത്തരവിട്ടു ...
Advertisement
Advertisement
Advertisement