breaking news New

തലശ്ശേരിയില്‍ മുന്‍ ബി.ജെ.പി നേതാവ് ജീവനൊടുക്കിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ വൈശാഖ് എസ്. ദര്‍ശന്‍ (35) അറസ്റ്റിൽ

എറണാകുളം മറ്റൂര്‍ മാണിക്യമംഗലം സ്വദേശിയായ വൈശാഖിനെതിരെ ആണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

ബി.ജെ.പി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റും തലശ്ശേരി പെരുന്താറ്റില്‍ സ്വദേശിയുമായ രതീശന്‍ (59) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.

റെയില്‍വേയില്‍ ടി.ടി.ആര്‍ ജോലി വാഗ്ദാനം ചെയ്ത് രതീശന്‍ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങുകയും പകരം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയുമായിരുന്നു.

തട്ടിപ്പാണെന്ന് വ്യക്തമായതോടെ പണം തിരികെ നല്‍കാന്‍ രതീശന്‍ ആവശ്യപ്പെടുകയും ഈ മാസം ആദ്യം തുക തിരിച്ചുകൊടുക്കാമെന്ന് വൈശാഖ് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാക്ക് പാലിക്കാതെ വന്നതോടെയാണ് മാനസിക വിഷമത്തിലായ രതീശന്‍ ആത്മഹത്യ ചെയ്തത്.

ഈ മാസം മൂന്നിന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വന്തം ഓഫീസിലാണ് രതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാധാനമന്ത്രി ആവാസ് യോജന അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്ന ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഇതിനിടയിലാണ് പരിചയക്കാരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വാങ്ങി നല്‍കിയ പണം യൂത്ത് കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തതും, തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് രതീശന്‍ ജീവനൊടുക്കിയതും. രതീശന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി വൈശാഖിനെ കസ്റ്റഡിയിലെടുത്തത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5