breaking news New

സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം നേതാക്കളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ, പോലീസിനെതിരെ പരസ്യമായ കൊലവിളി പ്രസംഗവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു രംഗത്ത്

പോലീസുകാർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്നും അവർക്കും വീടുകളുണ്ടെന്നും ഓർക്കണമെന്നായിരുന്നു നേതാവിന്റെ പരസ്യമായ ഭീഷണി. പോലീസുകാരുടെ വീടുകളിലേക്ക് തങ്ങളും കയറുമെന്ന രീതിയിലായിരുന്നു ഉദയഭാനുവിന്റെ വെല്ലുവിളി.

കാട്ടാമലയിലെ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ വീടുകളിൽ അർജ്ജുൻ ആയങ്കിക്കായി പോലീസ് രാത്രികാല പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാർച്ചിലാണ് വിവാദ പ്രസംഗം അരങ്ങേറിയത്. അർജുനെ തിരഞ്ഞ് നേതാക്കളുടെ വീടുകളിൽ കയറിയ പോലീസുകാരെ തങ്ങൾ കൃത്യമായി നോക്കിവെച്ചിട്ടുണ്ടെന്നും ഉദയഭാനു പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

പ്രസംഗത്തിനിടെ പോലീസിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കെ.പി. ഉദയഭാനു വിമർശിച്ചത്. പോലീസ് ഒരു ചൂട്ട് പോലെയാണെന്നും വഴിയാത്രക്കാരന് കിട്ടിയാൽ അത് വഴി തെളിക്കുമെന്നും എന്നാൽ ഒരു ഭ്രാന്തന് കിട്ടിയാൽ അത് ഉപയോഗിച്ച് നാട് കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുഡിഎഫിന്റെ കയ്യിലെ പോലീസ് ഭ്രാന്തന്റെ കയ്യിലെ ചൂട്ട് പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് നടപടിക്കെതിരെ മാർച്ചിൽ പങ്കെടുത്ത മറ്റ് മുതിർന്ന നേതാക്കളും കടുത്ത അമർഷം രേഖപ്പെടുത്തി. കാട്ടാമലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തിയ അതിക്രമം അടിയന്തരാവസ്ഥാ കാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഎം ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാം കുറ്റപ്പെടുത്തി.

അർജ്ജുൻ ആയങ്കി കാട്ടാമലയിലുണ്ടെന്ന് പോലീസിന് വിവരം നൽകിയ അജ്ഞാതൻ ആരാണെന്ന് വെളിപ്പെടുത്താൻ പോലീസ് തയ്യാറാകണമെന്ന് രാജൂ ഏബ്രഹാം ആവശ്യപ്പെട്ടു. നാണംകെട്ട രീതിയിലാണ് പോലീസ് ഇപ്പോൾ പെരുമാറുന്നത്. അർജുൻ ആയങ്കിയെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തതാണ്, എന്നിട്ടും അതിനുശേഷമാണ് കാട്ടാമലയിലെ പാർട്ടി നേതാക്കളുടെ വീടുകളിൽ പോലീസ് അനാവശ്യ പരിശോധന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5