തൃശ്ശൂർ :
ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ചാവക്കാട് സ്വദേശി സിനാൻ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്നും അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്.
ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന മണലിപ്പുഴയ്ക്ക് സമീപത്തെ ചെറിയ റോഡിലൂടെ വരുന്നതിനിടെയാണ് പതിനേഴ് ലക്ഷത്തോളം വിലവരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ടത്. അപകടം നടന്ന ദിവസം മുതൽ ഫയർഫോഴ്സ് സംഘം വാഹനം വീണ്ടെടുക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും പുഴയിലെ കനത്ത ജലപ്രവാഹവും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാവുകയായിരുന്നു.
പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ ഇന്ന് രാവിലെ നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് വീണ്ടും തെരച്ചിൽ ആരംഭിച്ചു. കയറുകെട്ടി ക്രെയിൻ ഉപയോഗിച്ച് കാർ പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ വലിവിൽ ഒന്നിലധികം തവണ കെട്ടുപൊട്ടി കാർ വീണ്ടും പുഴയിലേക്ക് തന്നെ പതിച്ചു.
ക്രെയിൻ ദൗത്യം പരാജയപ്പെട്ടതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും നേരിട്ട് പുഴയിലേക്കിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. സാഹസികമായി പുഴയിലിറങ്ങി കാറിൽ വടങ്ങൾ ശക്തമായി ബന്ധിപ്പിച്ചാണ് പിന്നീട് വലിച്ച് കയറ്റിയത്.
ഒരു പകൽ മുഴുവൻ നീണ്ടുനിന്ന, ഒട്ടും എളുപ്പമല്ലാതിരുന്ന കഠിന പരിശ്രമത്തിനൊടുവിലാണ് ഒടുവിൽ കാർ പൂർണ്ണമായും പുഴയിൽ നിന്നും കരയിലേക്ക് എത്തിക്കാനായത്. കനത്ത മഴയിലും ഒഴുക്കിലും പെട്ടതിനാൽ വാഹനത്തിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭീതിയോടെയെങ്കിലും കാർ സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും ഉദ്യോഗസ്ഥരും.
മണലിപ്പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക് കാർ മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു
Advertisement
Advertisement
Advertisement