breaking news New

മഹീന്ദ്രയുടെ പ്രമുഖ മോഡലായ ബൊലെറോ വാഹനം വാങ്ങി കേവലം ഒരു വര്‍ഷത്തിനുള്ളില്‍ തുരുമ്പുപിടിച്ച സംഭവത്തില്‍ ഉപഭോക്താവിന് അനുകൂലമായി തൃശൂര്‍ ഉപഭോക്തൃ കോടതിയുടെ നിര്‍ണ്ണായക വിധി

വാഹനം വാങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തുരുമ്പെടുത്തതുമായി ബന്ധപ്പെട്ട് പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പീതാംബരന്‍ നല്‍കിയ ഹരജിയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്കെതിരെ കോടതി കടുത്ത നടപടി സ്വീകരിച്ചത്.

പുതിയ ബൊലെറോ വാഹനം വാങ്ങി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ തുരുമ്പ് കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് വാഹന കമ്പനിയെയും ഡീലര്‍മാരെയും സമീപിച്ച് പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പീതാംബരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച കോടതി, വാഹനത്തിന്റെ അവസ്ഥ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മീഷണറെ ചുമതലപ്പെടുത്തി. കമ്മീഷണര്‍ നടത്തിയ വിശദമായ പരിശോധനയില്‍ വാഹനത്തില്‍ വലിയ രീതിയില്‍ തുരുമ്പെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന്, ഉപഭോക്താവിന് ഗുണനിലവാരമില്ലാത്ത സേവനം നല്‍കിയതും വീഴ്ച വരുത്തിയതും ചൂണ്ടിക്കാട്ടി തൃശൂര്‍ ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ ശ്രീജ, ആര്‍. റാം മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നിയാണ് കോടതിയില്‍ ഹാജരായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5