അടൂർ ബൈപ്പാസ് കേന്ദ്രീകരിച്ചും നഗരത്തിലെ പ്രമുഖ ഭക്ഷണശാലകളിലും ഇന്ന് രാവിലെയായിരുന്നു വ്യാപകമായ പരിശോധന നടന്നത്.
ബൈപ്പാസിലെ ഹോട്ടൽ രാജധാനി, എസ്.എൻ ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞികട, അൽ-റാസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ, ഡിങ്കന്റെ തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണങ്ങൾ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. ദിവസങ്ങൾ പഴക്കമുള്ള എണ്ണ, അമ്പത് കിലോഗ്രാമോളം വരുന്ന പഴകിയ മീൻ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്.
പരിശോധനയ്ക്കായി ഹോട്ടലുകളിൽ എത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ചിലയിടങ്ങളിൽ തടയാൻ ശ്രമിച്ചതായും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ പരിശോധനയുമായി ഉദ്യോഗസ്ഥർ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുംവിധം പഴകിയ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്ത ഹോട്ടലുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഹെൽത്ത് സ്ക്വാഡാണ് മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് നഗരസഭ അറിയിച്ചു.
പത്തനംതിട്ട അടൂർ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അടൂരിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങളും മീനും പിടിച്ചെടുത്തു !!
Advertisement
Advertisement
Advertisement