breaking news New

എറണാകുളം മൂവാറ്റുപുഴ വാഴക്കുളത്ത് ചപ്പാത്തി നിര്‍മ്മാണ യന്ത്രത്തില്‍ കൈ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമയായ വീട്ടമ്മ മരിച്ചു !!

വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോള്‍ ജസ്റ്റിന്‍ (52) ആണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തുള്ള 'സ്റ്റാര്‍ ഹാഫ് കുക്ക്ഡ് ചപ്പാത്തി' എന്ന സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ചപ്പാത്തിക്കായി മാവ് കുഴയ്ക്കുന്നതിനിടയില്‍ കൈ യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. യന്ത്രത്തില്‍ നിന്നുള്ള അസാധാരണ ശബ്ദവും മണവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും, ഏറെനേരം കഴിഞ്ഞിട്ടും അമ്മയെ കാണാത്തതിനെ തുടര്‍ന്നും തിരക്കിവന്ന മകനാണ് റെജിമോളെ യന്ത്രത്തില്‍ കൈ കുടുങ്ങി അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് വാരിയെല്ലിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനാല്‍ തൊടുപുഴയിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. 22 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജസ്റ്റിന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മക്കളെ വളര്‍ത്താനും കുടുംബം പുലര്‍ത്താനുമായാണ് റെജിമോള്‍ ചപ്പാത്തിക്കട ആരംഭിച്ചത്. ജീവിത ദുരിതങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് അവിചാരിതമായി ഈ ദുരന്തം നേരിട്ടത്.

മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കല്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ജാസ്മിന്‍, ജ്യോതി ദര്‍ശന, ജെസ്റ്റോ.

സംസ്‌കാരം ഇന്ന് രാവിലെ 10.30-ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5