breaking news New

ഓണം ആയാലും ഇല്ലെങ്കിലും മലയാളികളുടെ സ്വീകരണമുറിയിലേക്ക് കൈരളി ടിവിയിലൂടെ വല്ല്യേട്ടന്‍ വന്നിറങ്ങുക എന്നത് കാല്‍ നൂറ്റാണ്ടായി ഒരു പതിവായിരുന്നു : 25 വര്‍ഷമായി നിലനിന്നിരുന്ന ഈ ശീലത്തിന് ഇനി മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ ...

കൈരളി ടിവിയുമായി ഉണ്ടായിരുന്ന 'വല്യേട്ടന്‍' സിനിമയുടെ സാറ്റലൈറ്റ് അവകാശ കരാറിന്റെ 25 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്, ഇത്തവണത്തെ ഓണത്തിന് ചിത്രം ചാനലില്‍ സംപ്രേക്ഷണം ചെയ്‌തേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൈരളിയില്‍ ഇനി ചിത്രത്തിന്റെ ടെലികാസ്റ്റ് ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് തങ്ങളുടെ നിരാശയും സങ്കടവും രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

ഓണത്തിന് വല്ല്യേട്ടന്‍ വരുന്നത് ഒരു പതിവും ശീലവുമായിരുന്നുവെന്നും ഇനി അതില്ലെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിലൊരു ശൂന്യതയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം, സാറ്റലൈറ്റ് അവകാശ കൈമാറ്റത്തെക്കുറിച്ചോ പുതിയ കരാറുകളെക്കുറിച്ചോ ചാനലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ 2000-ല്‍ തിയേറ്ററുകളിലെത്തി വന്‍ വിജയമായ ചിത്രമാണ് 'വല്യേട്ടന്‍'. റിലീസ് ചെയ്ത് അധികം വൈകാതെ, 2001-ലാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പ്രീമിയര്‍ അവകാശം കൈരളി ടിവി സ്വന്തമാക്കുന്നത്. അന്നുമുതല്‍ ചാനലിന്റെ പ്രധാന മുഖമുദ്രകളില്‍ ഒന്നായി ഈ ചിത്രം മാറി. ചാനലിന്റെ സഹോദര ചാനലായ 'വീ' ആരംഭിച്ചപ്പോഴും ആഴ്ചയില്‍ ഒരിക്കലെങ്കിലും ചിത്രം ടെലികാസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.

ഒരു ടിവി ചാനലില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിച്ച സിനിമ എന്ന അപൂര്‍വ്വ റെക്കോര്‍ഡും കൈരളി ടിവി 'വല്യേട്ടനിലൂടെ' സ്വന്തമാക്കിയിട്ടുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം 950-ലധികം തവണയാണ് ചിത്രം ചാനലില്‍ ടെലികാസ്റ്റ് ചെയ്തത്. എത്രതവണ സംപ്രേക്ഷണം ചെയ്താലും ഭേദപ്പെട്ട ടി.ആര്‍.പി റേറ്റിംഗ് നേടാന്‍ ഈ മാസ് മസാല ചിത്രത്തിന് സാധിച്ചിരുന്നു.

നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കൈരളി ടിവി സാറ്റലൈറ്റ് റൈറ്റ്സ് പുതുക്കുകയാണെങ്കില്‍ ചിത്രം ചാനലില്‍ തന്നെ തുടരും. എന്നാല്‍, 'വല്യേട്ടന്റെ' പുതിയ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാന്‍ സൂര്യ ടിവി, മഴവില്‍ മനോരമ തുടങ്ങിയ മറ്റ് മുന്‍നിര ചാനലുകള്‍ക്കിടയില്‍ വലിയ മത്സരമാണ് നടക്കുന്നത്. ഏഷ്യാനെറ്റില്‍ 'മണിച്ചിത്രത്താഴ്' ഉണ്ടാക്കുന്ന തരംഗത്തിന് സമാനമായി കൈരളിയില്‍ എന്നും ജനപ്രിയമായി തുടരാന്‍ വല്യേട്ടന് സാധിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5