breaking news New

ഹോട്ടല്‍ വൈഫൈ ശൃംഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് തിങ്ക് ടാങ്കിന്റെ മുന്നറിയിപ്പ് !!

'ക്യാപ്റ്റീവ് ക്രഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കിംഗ് നീക്കത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കിംഗ് സംഘമായ 'മിഡ്‌നൈറ്റ് ബ്ലിസാര്‍ഡിന്റെ' ഉപവിഭാഗമായ 'സ്റ്റോം-2945' ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിനോദസഞ്ചാരികളും കോര്‍പ്പറേറ്റ് ജീവനക്കാരും സന്ദര്‍ശിക്കുന്ന ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ക്യാപ്റ്റീവ് പോര്‍ട്ടലുകള്‍ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. മെയ് മാസം മുതല്‍ സജീവമായ ഈ ആക്രമണം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലുകളിലെയും മറ്റും വൈഫൈ നെറ്റ്വര്‍ക്കുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൈക്കലാക്കുന്ന ഹാക്കര്‍മാര്‍, ഉപയോക്താക്കളെ വ്യാജ വെബ്‌പേജുകളിലേക്കും പോപ്പ്-അപ്പുകളിലേക്കും വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. കണക്റ്റ് ചെയ്യുന്ന ഘട്ടത്തില്‍, പതിവ് സെക്യൂരിറ്റി ചെക്കുകളുടെയോ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളുടെയോ മറവില്‍ ഉപയോക്താക്കളെക്കൊണ്ട് വ്യാജ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.

പ്രധാനമായും രണ്ട് രീതികളിലാണ് ഈ സൈബര്‍ ആക്രമണം നടക്കുന്നത്. അതിലൊന്ന് വ്യാജ ബ്രൗസര്‍ അപ്‌ഡേറ്റുകളാണ്. വൈഫൈ കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനോ നെറ്റ്വര്‍ക്ക് തകരാറുകൾ പരിഹരിക്കാനോ ആവശ്യപ്പെടുന്ന പോപ്പ്-അപ്പുകള്‍ പ്രത്യക്ഷപ്പെടും. ഗൂഗിളിന്റെ ഔദ്യോഗിക സെക്യൂരിറ്റി മുന്നറിയിപ്പുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത്. മറ്റൊരു രീതി വ്യാജ ലോഗിന്‍ പേജുകള്‍ സൃഷ്ടിച്ചുള്ള അക്കൗണ്ട് ഹാക്കിംഗാണ്. ഉപയോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ ഈ പേജുകളില്‍ നല്‍കുന്നതോടെ, അവരുടെ മൈക്രോസോഫ്റ്റ് 365 അക്കൗണ്ടുകളുടെ നിയന്ത്രണം ഹാക്കര്‍മാരുടെ കൈകളിലാകുന്നു. ഇതോടെ വ്യക്തിഗത ഇമെയിലുകള്‍, വണ്‍ഡ്രൈവ് രേഖകള്‍, കോര്‍പ്പറേറ്റ് ശൃംഖലകള്‍ എന്നിവയിലേക്ക് ഇവര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.

ഒരിക്കല്‍ ഉപയോക്താവിന്റെ ഉപകരണത്തില്‍ മാൽവെയർ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടു കഴിഞ്ഞാല്‍, ആ ഫോണിന്റെയോ ലാപ്ടോപ്പിന്റെയോ പൂര്‍ണ്ണ നിയന്ത്രണം ഹാക്കര്‍മാര്‍ കൈക്കലാക്കും. കീസ്‌ട്രോക്കുകള്‍ ചോര്‍ത്തുക, ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് ഓഡിയോ-വീഡിയോ ചിത്രീകരിക്കുക, സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുക, ബ്രൗസര്‍ കുക്കികളും പാസ്വേഡുകളും മോഷ്ടിക്കുക എന്നിവ ഇതിലൂടെ സാധ്യമാകുന്നു. വിവിധ തരം വ്യാജ വിന്‍ഡോകള്‍ കാണിച്ചാണ് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ കുടുക്കുന്നത്. വിന്‍ഡോസ് അപ്‌ഡേറ്റ് ഫയലുകള്‍ , വിന്‍ഡോസ് സെക്യൂരിറ്റി വൈറസ് സ്‌കാന്‍ , ഡിജിറ്റല്‍ മീഡിയ സോഫ്‌റ്റ്വെയറുകള്‍ , വിഷ്വല്‍ സി++ ഇന്‍സ്റ്റാളറുകള്‍ എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

കൂടാതെ, സിസ്റ്റം ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ , നെറ്റ്വര്‍ക്ക് ഡയഗ്നോസ്റ്റിക് ടൂളുകള്‍ , ബ്രൗസര്‍ അപ്‌ഡേറ്റുകള്‍ , പിഡിഎഫ് വ്യൂവര്‍ ഇന്‍സ്റ്റാളറുകള്‍ എന്നിവയുടെ പേരിലും വ്യാജ പോപ്പ്-അപ്പ് സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ മുന്നില്‍ തെളിയാം. പൊതു വൈഫൈ ശൃംഖലകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഹോട്ടലുകളിലെയും മറ്റും വൈഫൈക്ക് പകരം സ്വന്തം ഫോണിലെ സെല്ലുലാര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ലോഗിന്‍ ചെയ്യുന്ന വേളയില്‍ പോപ്പ്-അപ്പ് സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഒരു സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റും ഡൗണ്‍ലോഡ് ചെയ്യരുത്.

യാത്രകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേറ്റ് ഐടി വിഭാഗങ്ങള്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ സന്ദേശങ്ങളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തുന്നത് വഴി മാത്രമേ ഇത്തരത്തിലുള്ള വിവരച്ചോര്‍ച്ചകളില്‍ നിന്നും സാമ്പത്തിക-സുരക്ഷാ ഭീഷണികളില്‍ നിന്നും രക്ഷനേടാനാകൂ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5