breaking news New

ജനവാസ മേഖലയിലിറങ്ങി നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ കെണിവെച്ചു പിടികൂടിയ ശേഷം തൊട്ടടുത്ത മണ്ഡലത്തിലെ തേക്ക് പ്ലാന്റേഷനില്‍ തുറന്നുവിട്ട് വനംവകുപ്പ് !!

കൊല്ലം :
പത്തനാപുരം അലിമുക്കില്‍ നിന്ന് പിടിയിലായ പുലിയെയാണ് അച്ചന്‍കോവില്‍ ഡിവിഷനു കീഴിലുള്ള കല്ലാര്‍, കാണയാര്‍ റേഞ്ചുകളില്‍പെട്ട പുലിക്കയം, ചിറ്റാര്‍, ആനകുത്തി മേഖലകളില്‍ അര്‍ധരാത്രിയോടെ തുറന്നുവിട്ടത്. വനംവകുപ്പിന്റെ ഈ വിചിത്ര നടപടിക്കെതിരെ പ്രദേശവാസികളും ആദിവാസി സമൂഹവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

ഒരു നിയമസഭ മണ്ഡലത്തിലെ ജനങ്ങളുടെ പരാതിക്ക് പരിഹാരമായി പുലിയെ പിടിച്ച് തൊട്ടടുത്ത മണ്ഡലത്തിലെ ജനവാസ പങ്കാളിത്തമുള്ള വനയോരത്ത് തുറന്നുവിട്ടത് വലിയ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിടികൂടിയ പുലിയെ സുരക്ഷിതമായ ഉള്‍വനത്തിലേക്ക് മാറ്റാനായിരുന്നു പ്രാഥമിക തീരുമാനമെങ്കിലും, വനംവകുപ്പിന്റെ പഴക്കം ചെന്ന വാഹനം മലകയറില്ലെന്ന വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ പ്ലാന്റേഷന് സമീപം പുലിയെ മോചിപ്പിച്ചത്.

ആദിവാസി വിഭാഗങ്ങള്‍ പരമ്പരാഗതമായി മലഞ്ചരക്കുകള്‍ ശേഖരിക്കാനും ജോലിക്കുമായി ആശ്രയിക്കുന്ന വനയോരങ്ങളിലാണ് യാതൊരു മുന്‍കരുതലുമില്ലാതെ വനപാലകര്‍ പുലിയെ തുറന്നുവിട്ടത്. അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിലാണ് നിലവില്‍ പുലിയുള്ളത്. കര്‍ക്കടക വാവുബലിക്കും തീര്‍ത്ഥാടനത്തിനുമായി ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മേഖലയാണിത്.

അച്ചന്‍കോവിലില്‍ തുടര്‍ച്ചയായി പുലിയുടെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വീണ്ടും പുലിയെ വനയോരത്ത് തുറന്നുവിട്ട നടപടിക്കെതിരെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹന്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5