breaking news New

എറണാകുളം തൃക്കാക്കര ഭാഗത്ത് വാടകവീടുകള്‍ക്കും പണയവീടുകള്‍ക്കും വന്‍ ഡിമാന്‍ഡ് ഉയര്‍ന്നതോടെ പ്രദേശത്ത് വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നു

വാടകയ്‌ക്കെടുക്കുന്ന വീടുകള്‍ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ കരാറുകളുണ്ടാക്കി മറ്റ് വ്യക്തികള്‍ക്ക് മറിച്ചു പണയപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.

കരാര്‍ കാലാവധി കഴിഞ്ഞിട്ടും വാടകവീടുകള്‍ ഒഴിഞ്ഞുനല്‍കാതായതോടെ മേല്‍നോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികന്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ഇയാള്‍ മുന്‍പ് വാടകയ്ക്ക് നല്‍കിയ മൂന്ന് വീടുകള്‍ തന്റെ അറിവില്ലാതെ വ്യാജരേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങള്‍ക്ക് പണയത്തിന് നല്‍കിയിരിക്കുകയായിരുന്നു.

നിലവില്‍ 5.56 ലക്ഷം രൂപയുടെ വാടക കുടിശ്ശിക വരുത്തിവെച്ചതിന് പുറമേ, വീട്ടുടമ അറിയാതെ ഓരോ വീടിനും 10 ലക്ഷം രൂപ വീതം വാങ്ങിയാണ് സംഘം വ്യാജ പണയ കരാറുകള്‍ ഉണ്ടാക്കിയത്. സംഭവത്തില്‍ വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സമാനമായ രീതിയില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5