ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആറായിരത്തോളം പേരില്‍ നിന്ന് 350 കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തില്‍ വിവിധ ജില്ലകളിലായി പത്തിലേറെ കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തിലെ എല്ലാ പ്രവൃത്തിദിനത്തിലും 900 രൂപ വീതം ലാഭവിഹിതം നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ആയിരക്കണക്കിന് ആളുകള്‍ പണം മുടക്കിയത്. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍ ഒഴിവാക്കി ഒരു വര്‍ഷത്തില്‍ ശരാശരി 202 പ്രവൃത്തിദിനങ്ങളില്‍ 900 രൂപ വീതം ദിനംപ്രതി നല്‍കുമെന്നാണ് സ്ഥാപന അധികൃതര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക ലാഭവിഹിതമായി തിരികെ ലഭിക്കുമെന്ന പരസ്യം കണ്ട് ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവും പെന്‍ഷന്‍ തുകയും വരെ ഇത്തരത്തില്‍ തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍ എത്തിയതായാണ് വിവരങ്ങള്‍.
എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഏജന്റുമാരെ നിയോഗിച്ചായിരുന്നു സ്ഥാപനം വ്യാപകമായി നിക്ഷേപ സമാഹരണം നടത്തിയത്. സാധാരണക്കാരെയും പ്രവാസികളെയും ലക്ഷ്യമിട്ട് ഏജന്റുമാര്‍ വഴി വലിയ പ്രചാരണമാണ് ഇവര്‍ അഴിച്ചുവിട്ടത്.
നിക്ഷേപം സ്വീകരിച്ചു തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ കൃത്യമായി ലാഭവിഹിതം നല്‍കി നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍, കൃത്യമായ പ്ലാനിംഗോടെ പ്രവര്‍ത്തിച്ച സംഘം കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പെട്ടെന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ജ്വല്ലറികള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതോടെയാണ് നിക്ഷേപകരായ ആയിരക്കണക്കിന് ആളുകള്‍ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഗ്രൂപ്പിന്റെ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എല്ലാ ഷോറൂമുകളും നിലവില്‍ ഒരു വര്‍ഷത്തിലേറെയായി അടച്ചുപൂട്ടിയ നിലയിലാണ്.
ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് പെരുവഴിയിലായ നിക്ഷേപകര്‍ നിലവില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നല്‍കാതെ സ്ഥാപനം പൂട്ടി ഉടമകള്‍ ഒളിവില്‍ പോയതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
ജ്വല്ലറി ഉടമകളായ രാകേഷ് രവീന്ദ്രന്‍, രജീഷ് രാജന്‍ എന്നിവര്‍ക്കൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചന, തട്ടിപ്പ് തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തട്ടിപ്പില്‍ വഞ്ചിതരായ കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്. ഇതിനോടകം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഒളിവില്‍ കഴിയുന്ന ജ്വല്ലറി ഉടമകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലഭിച്ച പരാതികളില്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി വലുതായതിനാല്‍ കേസ് വരും ദിവസങ്ങളില്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കാനാണ് സാധ്യത.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്പര്‍ശ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി മുങ്ങിയതായി പരാതി !!
Advertisement
Advertisement
Advertisement