breaking news New

കോട്ടയം ഏറ്റുമാനൂരില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ അതിക്രമിച്ചുകയറി വടിവാള്‍ വീശി കവര്‍ച്ച നടത്തി എട്ടംഗ സംഘം !!

ഞായറാഴ്ച രാവിലെ പൂവത്തുംമൂട് എന്ന സ്ഥലത്താണ് സംഭവം. തലയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തൊഴിലാളികളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു.

ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ 33 പേരെയും അക്രമികള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി.

അതിക്രമത്തിനിടെ ഭയന്ന് മുറിയില്‍ കയറിയ തൊഴിലാളികള്‍ക്ക് നേരെ കവര്‍ച്ചക്കാര്‍ കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തു. തൊഴിലാളികളുടെ എ.ടി.എം കാര്‍ഡുകളും കവര്‍ന്നതായി സൂചനയുണ്ട്. കാര്‍ഡുകള്‍ തട്ടിയെടുത്ത സംഘം അവയുടെ പിന്‍ നമ്പറുകള്‍ പ്രത്യേകം എഴുതി വാങ്ങിയ ശേഷമാണ് കടന്നുകളഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

അസമില്‍ നിന്ന് കേരളത്തിലെത്തി കഴിഞ്ഞ ആറ് വര്‍ഷമായി പൂവത്തുംമൂട്ടില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയായിരുന്ന തൊഴിലാളികളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഒരാഴ്ചത്തെ അധ്വാനത്തിന്റെ കൂലി ശനിയാഴ്ചയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഈ വിവരം മുന്‍കൂട്ടി മനസ്സിലാക്കിയാണ് കവര്‍ച്ചാ സംഘം ആസൂത്രിതമായി എത്തിയതെന്നാണ് കരുതുന്നത്.

സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് കേന്ദ്രീകരിച്ച് പരിശോധിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5