breaking news New

കുട്ടനാടിന്റെ സമഗ്രമായ സംരക്ഷണത്തിനും വികസനത്തിനുമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതിജീവനം വിശാല കുട്ടനാട് സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനില്‍ കൂട്ട ജലസ്‌നാന സമരം നടത്തി

ആലപ്പുഴ : വെള്ളക്കെട്ടിലായ ആലപ്പുഴ - ചങ്ങനാശ്ശേരി (എ.സി) റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചായിരുന്നു സംഘടനയുടെ സമരം.

കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന അധികജലം തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ ഷട്ടറുകളിലൂടെ പുറന്തള്ളാന്‍ ആധുനിക ഹൈപ്പവര്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് നെതര്‍ലാന്‍ഡ്‌സ് മാതൃകയില്‍ നീരൊഴുക്ക് ഉറപ്പാക്കുക, യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള കുട്ടനാടിനെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡച്ച് സഹായം തേടുകയും ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുകയും ചെയ്യുക, കുട്ടനാടിനെ നികുതിവിമുക്ത പ്രദേശമായി പ്രഖ്യാപിക്കുക; എ.സി. റോഡ് വെള്ളം കയറാത്ത വിധത്തില്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുക എന്നിവയാണ് സമിയിയുടെ മുഖ്യ ആവശ്യങ്ങള്‍.

സമരത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ അതിജീവനം കൂട്ടായ്മ കണ്‍വീനര്‍ ജോണ്‍ സി. ടിറ്റോ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ആര്‍. സതീശന്‍ സമരം ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രളയത്തെ പ്രതിരോധിക്കാനായി നിര്‍മ്മിച്ച എ.സി. റോഡില്‍ ഇന്ന് മുട്ടൊപ്പം വെള്ളമാണെന്നും, റോഡില്‍ കുളിച്ചു പ്രതിഷേധിക്കേണ്ടി വരുന്ന ഈ അവസ്ഥയില്‍ കുട്ടനാട്ടിലെ ജനങ്ങളുടെ വീടുകളിലെ സ്ഥിതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ കൂട്ടായ്മ കണ്‍വീനര്‍മാരായ റോയി മുട്ടാര്‍, തോമസ് കുരുവിള, ബാബു വടക്കേക്കളം, ബിജു സേവ്യര്‍, ഷിജിമോന്‍, ഗണേഷ് ബാബു എന്നിവര്‍ സംസാരിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5