breaking news New

ശബരിമല സന്നിധാനത്തെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദേശം

ദേവസ്വം വിജിലൻസ് അന്വേഷണം കൂടുതൽ ശക്തമാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേവസ്വം ബോർഡ് യോഗവും പരിശോധിച്ചു.

ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും ബോർഡ് തീരുമാനിച്ചു. പുറത്തുനിന്ന് നെയ്യ് വാങ്ങുന്നത് ഒഴിവാക്കുന്നതിനാണ് തീരുമാനം. നെയ്യിന്റെ ഗുണനിലവാരവും വിതരണത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ശബരിമല നെയ്യ് ക്രമക്കേട് കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർത്തിട്ടുണ്ട്. അന്യായ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരും പ്രവർത്തിച്ചെന്നാണ് വിജിലൻസ് എഫ്ഐആറിൽ ആരോപിക്കുന്നത്.

ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ഇരുവരും അനുമതി നൽകിയെന്നും ഇതുവഴി ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയ്ക്ക് കരാർ നൽകിയതെന്നും അന്വേഷണ രേഖകളിൽ ആരോപണമുണ്ട്. ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ ക്രമക്കേടിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് ദേവസ്വം വിജിലൻസിന്റെ തീരുമാനം. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5