breaking news New

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റം

ബി.ജെ.പിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെ ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ബി.ജെ.പി പ്രതിനിധിയായ പ്രസിഡന്റ് വി.വി പ്രസാദാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായത്.

ആകെ 14 വാര്‍ഡുകളുള്ള നാരങ്ങാനം പഞ്ചായത്തില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളും എല്‍.ഡി.എഫിന് (സി.പി.എം) രണ്ട് അംഗങ്ങളുമാണുള്ളത്. നേരത്തെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വോട്ടുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. എന്നാല്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് നടന്ന നറുക്കെടുപ്പില്‍ വിജയം കോണ്‍ഗ്രസിനായിരുന്നു.

നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ വികസന മുരടിപ്പിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് യു.ഡി.എഫ് പ്രതിനിധികള്‍ പറഞ്ഞു. പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ഒരേ മുന്നണിയില്‍ നിന്നുള്ള പ്രസിഡന്റും വൈസ് പ്രസിഡന്റും വരുന്നത് ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യു.ഡി.എഫിന്റെ ആറ് അംഗങ്ങള്‍ക്കൊപ്പം എല്‍.ഡി.എഫിന്റെ രണ്ട് അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തതോടെ പ്രമേയം പാസാകുകയായിരുന്നു.

ഒരു മാസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് പിന്തുണയ്ക്കുമോ എന്നതാണ് ഇനി നിര്‍ണായകം. എല്‍.ഡി.എഫ് പിന്തുണ നല്‍കിയില്ലെങ്കില്‍ വീണ്ടും നറുക്കെടുപ്പിലൂടെയാകും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5